തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനിടയാക്കിയത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വര്‍ക്കലയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരില്‍ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മകന്‍ നിഹാല്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ 1.45നാണ് അപകടമുണ്ടായത്. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് വീടിനുള്ളിലെ തീ അണച്ചത്.
തീപിടുത്തമുണ്ടായ വീടിന്റെ കാര്‍ ഷെഡില്‍ നിന്നോ ഹാളില്‍ നിന്നോ തീ പടര്‍ന്നതാകാമെന്നാണ് ഇലക്ട്രിക് ഇന്‍സ്‌പെക്ടറിന്റേയും ഫൊറന്‍സിക് വിഭാഗത്തിന്റേയും അനുമാനം. വീടിന്റെ കാര്‍ ഷെഡിലുണ്ടായിരുന്ന ബൈക്കുകള്‍ കത്തിയിരുന്നു. ബൈക്കുകള്‍ക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബള്‍ബ് കേടായി അതിന്റെ വയര്‍ താഴേക്ക് നീണ്ടു കിടന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വയറില്‍ നിന്നും തീപ്പൊരി വീണ് വാഹനങ്ങള്‍ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
ഹാളില്‍ തീപടര്‍ന്ന് മുഴുവന്‍ കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഇവിടെയുണ്ടായോയെന്നും സംശയമുണ്ട്. പക്ഷെ സിസിടിവി പരിശോധിച്ച പോലീസ് സംഘം കാര്‍ഷെഡില്‍ നിന്നും തീപടരാനാണ് സാധ്യതയാണ് മുന്നില്‍ കാണുന്നത് ദൃശ്യങ്ങളില്‍ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാര്‍ഡ് ഡിസ്‌ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങള്‍ ഫൊറന്‍സിക് ലാബില്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരവാകും. ഫൊറന്‍സിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തില്‍ കൈമാറാനും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതേവരെയുള്ള നിഗമനം. അട്ടിമറിക്കുള്ള തെളിവുകള്‍ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. അഞ്ചു പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം.
Discussion about this post