കീവ്: ഇന്ത്യൻ സേനയിൽ ചേരാൻ അവസരം ലഭിക്കാതെ പോയ ഇന്ത്യൻ വിദ്യാർത്ഥി ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന് റഷ്യയ്ക്ക് എതിരെ പോരാടുന്നെന്ന് റിപ്പോർട്ട്. കോയമ്പത്തൂർ സ്വദേശിയായ 21 കാരൻ സായ്‌നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്നിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പുറത്തറിഞ്ഞതിന് പിന്നാലെ അധികൃതർ ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സായ് നികേശിന്റെ കോയമ്പത്തൂരിലെ വീട്ടിൽ എത്തി. അതേസമയം, സായ്നികേഷ് നേരത്തെ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അപേക്ഷിച്ചിരുന്നെന്നും എന്നാൽ അവസരം ലഭിച്ചില്ലെന്നുമാണ് രക്ഷിതാക്കൾ അധികൃതരോട് വ്യക്തമാക്കിയത്.
2018 ൽ ആണ് സായ്നികേഷ് ഖാർകിവിലെ നാഷണൽ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാനായി പോയത്. 2022 ജൂലായ് മാസത്തോടെയാണ് സായ് നികേഷിന്റെ പഠനം പൂർത്തിയാവുക. 2021 ജൂലൈയിലാണ് സായ് നികേഷ് അവസാനമായി ഇന്ത്യയിൽ അവധിക്ക് എത്തിയത്.
അതേസമയം, ഉക്രൈനിലെ യുദ്ധം കാരണം കുടുംബത്തിന് സായ്നികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. എംബസിയുടെ സഹായം തേടിയപ്പോഴാണ് താൻ റഷ്യക്കെതിരെ പോരാടുന്നതിനായി ഉക്രൈയിൻ സൈന്യത്തോടൊപ്പം ചേർന്നതായി സായ് കുടുംബത്തെ അറിയിച്ചത്. അതേസമയം, ഇന്ത്യൻ സൈന്യത്തിൽ ചേരാൻ രണ്ട് തവണ അപേക്ഷ സമർപ്പിച്ച സായ് നികേഷിന് രണ്ട് തവണയും അവസരം ലഭിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സന്നദ്ധപ്രവർത്തകർ അടങ്ങുന്ന ജോർജിയൻ നാഷണൽ ലെജിയൻ അർദ്ധസൈനിക വിഭാഗത്തിന്റെ ഭാഗമായാണ് സായ്‌നികേഷ് രവിചന്ദ്രൻ ഉക്രേനിയൻ സേനയിൽ ചേർന്നതെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.