തിരുവനന്തപുരം: വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേർക്ക് പൊള്ളലേറ്റ് ദാരുണമരണം. വർക്കല അയന്തിയിലെ പ്രതാപന്റെ കുടുംബമാണ് മരിച്ചത്. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്.
പൊള്ളലേറ്റ നിഖിൽ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പുലർച്ചെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തിയിരുന്നു. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നതോടെ നാട്ടുകാർക്കും രക്ഷാപ്രവർത്തനം നടത്താനായില്ല.
ഒടുവിൽ ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണച്ചത്. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും തീപിടിച്ച് കത്തി നശിച്ചിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അയൽവാസിയായ ശശാങ്കൻ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ഇയാൾ ബഹളം വെച്ച് അയൽക്കാരെ ഉണർത്തുകയായിരുന്നു. തീ കണ്ട ഉടനെ ശശാങ്കന്റെ മകൻ പ്രതാപന്റെ മകൻ നിഖിലിനെ ഫോൺ ചെയ്തിരുന്നു. നിഖിൽ ഫോൺ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞതോടെ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്‌തെന്നാണ് ശശാങ്കൻ പറഞ്ഞത്.
അതേസമയം, അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്‌നിരക്ഷാസേനയും പോലീസും പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post