ചങ്ങനാശേരി: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധം നടക്കുമ്പോള്‍ പതിവുപോലെ മന്നം സമാധിയില്‍ ദീപം തെളിയിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
വിശ്വാസമാണ് വലുത്, വിശ്വാസികള്‍ക്ക് ഈ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെപറഞ്ഞിരുന്നു. എന്നാല്‍, സമുദായ അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സുകുമാരന്‍ നായര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല.
പെരുന്നയില്‍ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം മന്നം സമാധിയില്‍ എത്തി. അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയില്‍ വിളക്കു തെളിച്ചു. എല്ലാ ദിവസവും സുകുമാരന്‍ നായര്‍ തന്നെയാണ് വൈകിട്ടു വിളക്കു വെയ്ക്കുന്നത്.
പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍എസ്എസ് പ്രവര്‍ത്തകര്‍ ജ്യോതിയില്‍ വ്യാപകമായി പങ്കാളികളായി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ അയ്യപ്പജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടുത്തിടെ ബിജെപിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന് നായര്‍ പെരുന്നയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്കി. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.
എന്‍എസ്എസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
Discussion about this post