നടൻ മേള രഘുവിന്റെ മകൾ ശിൽപ ശശിധർ പങ്കുവച്ചൊരു വീഡിയോ ആണ് ഇന്ന് സോഷ്യൽമീഡിയയിൽ മനംനിറയ്ക്കുന്നത്. ഉറപ്പിച്ചു വച്ച ശിൽപയുടെ വിവാഹം നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു അച്ഛന്റെ അപ്രതീക്ഷിത വിയോഗം. രഘുവിന്റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റംബർ 12നായിരുന്നു വിവാഹം.
വിവാഹ ഫോട്ടോയിൽ അച്ഛൻ കൂടെ ഇല്ലാത്തതിന്റെ സങ്കടം ശിൽപയ്ക്കും അമ്മ ശ്യാമളയ്ക്കും തീരാവേദനയായിരുന്നു. ഈ വേദനയ്ക്കാണ് ശിൽപ പരിഹാരം കണ്ടത്. അമ്മയുടെ പിറന്നാൾ ദിനത്തിൽ അച്ഛനെ കൂടി ചേർത്തുനിർത്തിയുള്ള തന്റെ വിവാഹഫോട്ടോ സമ്മാനമായി നൽകിയാണ് ശിൽപ ആ വേദന നികത്തിയത്. വീഡിയോ ശിൽപ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
‘എല്ലാ ചിത്രങ്ങൾക്കും ഒരു കഥ പറയാനുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ശിൽപ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സർപ്രൈസ് ആയി ഈ ഫോട്ടോഫ്രെയിം തുറക്കുന്നതും അത് കണ്ട് ശിൽപയുടെ അമ്മ ശ്യാമള ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പ്രേക്ഷക മനസ് കൂടി നിറയ്ക്കുന്നതാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ അജില ജാനീഷ് (കളർ പെൻസിൽസ്) ആണ് മേള രഘുവിൻറെ ചിത്രം ചേർത്തുവച്ചുകൊണ്ട് ശിൽപയുടെ വിവാഹ ചിത്രം ഒരുക്കിയത്.