കൊലക്കേസില്‍ കുടുങ്ങി കൊടുവള്ളി സ്വദേശി: മോചനം വേഗത്തിലാക്കാന്‍ അഭ്യര്‍ഥിച്ച് ഷിജുവിന്റെ കുടുംബം പാണക്കാട്

മലപ്പുറം: കൊലക്കുറ്റം ചുമത്തി യുഎഇ ഫുജൈറ ഖല്‍ബ ജയിലില്‍ കഴിയുന്ന ഷിജുവിന്റെ മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം പാണക്കാട്ടെത്തി. കോഴിക്കോട് കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി ഷിജുവിന്റെ കുടുംബാംഗങ്ങളാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്.

ഒരു വര്‍ഷം മുമ്പ് നടന്ന തമിഴ്‌നാട് സ്വദേശി അരവിന്ദന്റെ മരണത്തിലാണ് ഷിജുവിനെ അറസ്റ്റ് ചെയ്തത്. കരീറ്റിപ്പറമ്പ് സ്വദേശി ഷിജുവിന്റെ ഭാര്യ ലിഷയും നാലു കുട്ടികളും പിതാവ് ശങ്കരനും മാതാവ് പത്മിനിയും സഹോദരിമാരുമാണ് എത്തിയത്.

ഷിജുവിന്റെ മോചനം വേഗത്തിലാക്കുന്നതിന് ദുബായിലും തമിഴ്നാട്ടിലും കെ.എം.സി. സി നേതാക്കളുമായും ഭരണാധികാരികളുമായും ഇടപെടണമെന്നഭ്യര്‍ത്ഥിച്ചാണ് ഷിജുവിന്റെ ഭാര്യ ലിഷയും നാല് കുട്ടികളും പിതാവ് ശങ്കരന്‍, മാതാവ് പത്മിനിയും സഹോദരിമാരും ഉള്‍പ്പെടെ സാദിഖലി തങ്ങളുടെ വീട്ടിലെത്തിയത്. രോഗിയായ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഏക അത്താണിയായ ഷിജുവിനെ രക്ഷപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്താമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തെ അറിയിച്ചു.

ദുബായില്‍ അല്‍ സുല്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കലില്‍ എസി മെക്കാനിക്കായി ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. ജോലിസ്ഥലത്തെ പ്രവൃത്തി ചെയ്യുന്നതിനിടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എടുക്കാന്‍ വെയര്‍ ഹൗസില്‍ പോയിരുന്നു. തിരികെ വന്നപ്പോള്‍ കൂടെ പ്രവര്‍ത്തിച്ചിരുന്ന തമിഴ്നാട് റാണിപ്പെട്ട സ്വദേശി അരവിന്ദന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതം എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഷിജുവിന്റെ കാരണത്താല്‍ ഷോക്കേറ്റ് മരണപ്പെട്ടതാണെന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കമ്പനിക്ക് ഇന്‍ഷൂറന്‍സ് ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെടുത്താനെന്ന വ്യാജേന ഷിജുവിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസിന്റെ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഒപ്പുവെപ്പിച്ച രേഖകള്‍ തന്റെ കുറ്റസമ്മത മൊഴിയായിരുന്നുവെന്ന് ഷിജു മനസിലാക്കുന്നത് പിന്നീടാണ്. ഇതേതുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കേസ് നടത്തുകയും ഒരു മാസത്തോളമായി ജയിലില്‍ കഴിയുകയുമാണ് ഷിജു. യൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പമാണ് ഷിജുവിന്റെ കുടുംബം എത്തിയത്.

കേസില്‍ യുഎഇ കോടതി രണ്ടു ലക്ഷം ദിര്‍ഹമാണ് ബ്ലഡ് മണി (നഷ്ടപരിഹാരം) വിധിച്ചത്. കമ്പനിയുമായി കെ.എം.സി.സി നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ബന്ധപ്പെട്ടപ്പോള്‍ ഈ തുക വഹിക്കാമെന്നേറ്റു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിച്ച് തുക കുറക്കാന്‍ ഷിജുവിന്റെ കുടുംബത്തോട് കമ്പനി ആവശ്യപ്പെട്ടു. അതുപ്രകാരം 20,000 ദിര്‍ഹം കുടുംബം കുറച്ചു നല്‍കി. ഈ നടപടികള്‍ വൈകിയതോടെയാണ് ജയിലിലായത്.

Exit mobile version