നെടുങ്കണ്ടം: കാഴ്ച ശക്തിയില്ലാത്ത അമ്മയ്ക്കും അച്ഛനും കണ്ണുകളായി വഴി തെളിച്ച് മൂന്നാം ക്ലാസുകാരി. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മൂന്നാം ക്ലാസുകാരി എയ്ഞ്ചലീന സംരക്ഷിക്കുന്നത്.
‘വലുതായിട്ട് അപ്പയ്ക്കും അമ്മയ്ക്കും നല്ല ചികിത്സ നൽകി കാഴ്ച കൊടുക്കണം. ഈ കഷ്ടപ്പാടെക്കെ മാറ്റണം. പിന്നൊരു സൈക്കിൾ വേണം.’ നെടുങ്കണ്ടം എസ്എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന എയ്ഞ്ചലീന മേഴ്‌സി (8) തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് മനസുതുറന്നതിങ്ങനെ.
തമിഴ്‌നാട് സ്വദേശികളായ രാജേശ്വരിയുടെയും അഴകുമൂർത്തിയുടെയും മകളാണ് ഏയ്ഞ്ചലീന. ഇവർ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. അഴകുമൂർത്തി നെടുങ്കണ്ടം, തൂക്കുപാലം മേഖലയിൽ വോക്കിങ് സ്റ്റിക് ഉപയോഗിച്ച് നടന്നാണു ലോട്ടറി വിൽക്കുന്നത്. എയ്ഞ്ചലീന സ്‌കൂളിൽ നിന്ന് എത്തിയ ശേഷമാണ് രാജേശ്വരിയുടെ ലോട്ടറി വിൽപന. മകളുടെ കൈപിടിച്ച് നെടുങ്കണ്ടം ടൗണിലാണു കച്ചവടം.
17 വയസ്സു വരെ രാജേശ്വരിക്കു കാഴ്ചയുണ്ടായിരുന്നു. ഞരമ്പ് ചുരുങ്ങിത്തുടങ്ങി കാഴ്ച നഷ്ടപ്പെട്ടു. അഴകുമുർത്തിക്കു ചെറുപ്പം മുതലേ കാഴ്ചയില്ല. ഇതിനിടെ, എയ്ഞ്ചലീനയ്ക്ക് പഠിക്കാനായി നെടുങ്കണ്ടം പോലീസ് ഒരു ഫോൺ കൊടുത്തിരുന്നു. ഇത് അഴകുമൂർത്തിയുടെ കയ്യിൽനിന്ന് ആരോ കവർന്നു. ശേഷം മറ്റൊരു ഫോൺ വാങ്ങിയെങ്കിലും അതും ആരോ മോഷ്ടിച്ചു.
അതേസമയം, കുടുംബത്തിന്റെ കഷ്ടപ്പാട് അറിഞ്ഞസ്‌കൂൾ അധികൃതർ ഫീസ് ഒഴിവാക്കി നൽകിയത് ഇവർക്ക് വലിയ ആശ്വാസമായി. ഒരു വീടും എയ്ഞ്ചലീനയുടെ വിദ്യാഭ്യാസവുമാണ് കുടുംബത്തിന്റെ സ്വപ്നം. പടിഞ്ഞാറേക്കവലയിലെ വാടകവീട്ടിലാണ് ഇപ്പോൾ ഇവരുടെ താമസം.