ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ ഭരണത്തെ നിയന്ത്രിക്കാൻ ഡോക്ടറെത്തി. ഡോക്ടർ കുപ്പായം അഴിച്ചുവെച്ച് ഐഎഎസിലേക്ക് ചുവടുവെച്ച ഡോ. രേണു രാജ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്തു. വ്യാഴാഴ്ച രാവിലെ 10.20. ഓടെയാണ് ഡോ.രേണു രാജ് അച്ഛൻ രാജകുമാരൻ നായരുടെയും അമ്മ വിഎം ലതയുടെയും കാൽതൊട്ട് വന്ദിച്ച് ജില്ലാ കളക്ടറുടെ ചേംബറിലെത്തി ചുമതല ഏറ്റെടുത്തത്.
കാത്തു നിന്നവരെ കൈകൂപ്പി വണങ്ങി കസേരയിൽ ഇരിക്കുമ്പോൾ ഡോ. രേണു രാജിന്റെ മനസു നിറയെ കളക്ടർ എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു. ഐഎഎസ് ലഭിച്ച നാളുമുതലുള്ള സ്വപ്നമാണ് ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ പദവിയിലെത്തിയതോടെ നിറവേറിയിരിക്കുന്നത്.
ജില്ലയുടെ 53 ാമത്തെ കളക്ടറായാണ് രേണു രാജ് ചുമതലയേറ്റത്. മുൻ കളക്ടർ എ അലക്സാണ്ടർ വിരമിച്ച ഒഴിവിലേക്കാണ് രേണുവിന്റെ നിയോഗം. കളക്ടർ പദവി ഏറ്റെടുക്കുന്നതിന് മാതാപിതാക്കളും സഹോദരി ഡോ. രമ്യാ രാജും സാക്ഷിയാകാൻ എത്തിയിരുന്നു. 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ രേണാ രാജ് ചങ്ങനാശേരി മലകുന്നം സ്വദേശിനിയാണ്. എറണാകുളം അസി. കളക്ടർ, തൃശൂർ, ദേവികുളം സബ് കളക്ടർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസി.സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, നഗരകാര്യവകുപ്പ് ഡയറക്ടർ തുടങ്ങി പദവികൾക്ക് ശേഷമാണ് കളക്ടറായുള്ള ആദ്യ ചുമതല.
also read- മേയർ സ്ഥാനത്തേക്ക് ഓട്ടോ ഡ്രൈവർ; മാറ്റത്തിന് തുടക്കം കുറിച്ച് തമിഴ്നാട്
കേരളത്തിന് ഒരേ സമയം 10 വനിതാ ജില്ലാകളക്ടർമാരാണ് നിലവിലുള്ളത്. അവരിൽ ഒരാളാകുമ്പോൾ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് രേണു രാജ് പ്രതികരിച്ചു. എല്ലാ വിഭാഗം തൊഴിൽ മേഖലകളിലും 50 ശതമാനത്തിലധികം വനിതകളാണ്. ലിംഗ സമത്വം ഉറപ്പാക്കാൻ പല ആശയങ്ങൾ മുന്നോട്ട് വരുന്നുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിലും അത് പ്രാവർത്തികമാക്കപ്പെട്ടിട്ടില്ല. രാത്രി 12 മണിക്ക് ശേഷം ചൂളം വിളിയോ, ശല്യങ്ങളോയില്ലാതെ എല്ലാ സ്ത്രീകൾക്കും പുറത്തിറങ്ങാൻ കഴിയുന്ന നിലയിലേക്ക് സമൂഹം മാറണം രേണു രാജ് തന്റെ മനസ് തുറന്നതിങ്ങനെ.
Discussion about this post