എരുമേലി: രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സഹായം തേടുമ്പോഴും വഴിയില്‍ നിന്നും കിട്ടിയ തുക ഉടമയ്ക്ക് തിരികെ നല്കി സത്യസന്ധതയ്ക്ക് മാതൃകയായി വീട്ടമ്മ. ശ്രീനിപുരം വില്ലന്‍ചിറ ശ്യാമിന്റെ ഭാര്യ രമ്യയാണ് ദുരിതത്തിനിടയിലും 8500 രൂപ തിരികെ നല്‍കിയത്.
ബുധനാഴ്ച പകല്‍ എരുമേലി ബസ് സ്റ്റാന്‍ഡ് ജങ്ഷനിലാണ് സംഭവം. വഴിയരികില്‍നിന്നു 8500 രൂപ കിട്ടിയത്. വഴിയില്‍ നിന്നും കിട്ടിയ പണം സമീപ കടയുടമയെ അറിയിച്ച് എരുമേലി പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു.
ഇരുമ്പൂന്നിക്കര ഓലിക്കപ്ലാവില്‍ അബ്ദുള്‍കരീമിന്റെ പണമാണ് വഴിയില്‍ നഷ്ടപ്പെട്ടത്. ബന്ധുവിന് കൊടുക്കാനായി കൊണ്ടുവന്ന പണം മടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് പണം നഷ്ടമായതായി അറിഞ്ഞത്. ജങ്ഷനില്‍ പലയിടത്തും അന്വേഷിച്ചതിനൊടുവില്‍ പണം ഏല്പിച്ചതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കൈപ്പറ്റുകയുമായിരുന്നു.
രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ സഹായം തേടുന്ന സാഹചര്യത്തിലും, അര്‍ഹതയില്ലാത്ത പണം സ്വന്തമാക്കാതെ സത്യസന്ധതയ്ക്ക് മാതൃകയാവുകയായിരുന്നു രമ്യ.
Discussion about this post