ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തലവൂരിലെ സർക്കാർ ആശുപത്രിയുടെ പരിസരം വൃത്തിഹീനമായി കിടക്കുന്നത് കണ്ട് ക്ഷുഭിതനായി കെബി ഗണേഷ് കുമാർ എംഎൽഎ. ആശുപത്രിയുടെ പരിസരം വൃത്തിഹീനമായി കിടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് എം.എൽ.എ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. ഒടുവിൽ, ഓഫീസും ഫാർമസിയും ഉൾപ്പടെയുള്ള ആശുപത്രി മുറികൾ വൃത്തയില്ലാതെ കിടക്കുന്നത് കണ്ട് എം.എൽ.എ ഒടുവിൽ ചൂലെടുത്ത് സ്വയം തൂത്ത് വാരുകയും ചെയ്തു.
എംഎൽഎ ഫണ്ടിൽ നിന്ന് മൂന്ന് കോടി ചെലവിട്ടാണ് തലവൂർ ആയുർവേ ആശുപത്രി നിർമ്മിച്ചത്. എന്നാൽ ആശുപത്രിയുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. വൃത്തിയില്ലാത്ത തറയും, ശൗചാലയങ്ങളും കണ്ടതോടെ എം.എൽ.എ ആശുപത്രി അധികൃതർക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. ആശുപത്രയിലേക്ക് വാങ്ങിയ പുതിയ ഉപകരണങ്ങൾ പോലും ശ്രദ്ധയില്ലാതെ, തുരുമ്പെടുത്ത് കിടക്കുന്ന അവസ്ഥയായിരുന്നു. ഫാർമസിയും വൃത്തിഹീനമായിട്ടാണ് കിടന്നിരുന്നത്.
വാങ്ങിക്കുന്ന ശമ്പളത്തോട് അൽപമെങ്കിലും കൂറ് കാണിക്കണമെന്ന് എംഎൽഎ രോഷത്തോടെ പറഞ്ഞു. താനിത് തൂത്ത് വാരുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് മുമ്പായി ആശുപത്രി വൃത്തിയാക്കി ഇല്ലെങ്കിൽ എല്ലാവർക്കും നേരെ നടപടി എടുക്കുമെന്ന് ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകിയ ശേഷമാണ് മടങ്ങിയത്.