കൊല്ലം: കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണിനായി സുപ്രീംകോടതിയിൽ ഹാജരായത്.
ഹർജി അംഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിച്ചു. ഇനി വിസ്മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. വിസ്മയ കേസിന്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കിരണിന്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിസ്മയ കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നൽകിയത്. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്.കിരൺകുമാർ അറസ്റ്റ് ചെയ്തു. ആദ്യം ഇയാളെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് സർക്കാർ പിരിച്ചുവിടുകയും ചെയ്തു. വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ മകളെ മർദിക്കുമായിരുന്നെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻനായർ കോടതിയിൽ മൊഴി നൽകി.
Discussion about this post