കളമശേരി: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റ തയ്യല്‍ മെഷീന് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പഴയ ഉടമ രംഗത്ത്. 8000 രൂപയ്ക്ക് അന്ന് വിറ്റ മെഷീന് തിരികെ വേണമെന്നാവശ്യപ്പെട്ട് ഉടമ പോലീസിനെ സമീപിച്ചിരിക്കുകയാണ്.
കളമശേരിയിലാണ് സംഭവം. എച്ച്എംടി ജംഗ്ഷനിലെ രണ്ട് തയ്യല്‍ തൊഴിലാളികള്‍ തമ്മിലാണ് വിചിത്രമായ തര്‍ക്കം നടന്നത്. 8000 രൂപയ്ക്ക് വിറ്റ തയ്യല്‍ മെഷീന് വേണ്ടിയാണ് എട്ട് വര്‍ഷത്തിന് ശേഷം പഴയ ഉടമ സ്റ്റേഷനില്‍ എത്തിയത്.
തയ്യല്‍ മെഷീന്റെ ഇപ്പോഴത്തെ ഉടമയില്‍ നിന്നു മെഷീന് തിരികെ വാങ്ങി നല്‍കണമെന്നാണ് പഴയ ഉടമ പോലീസില്‍ നല്കിയ പരാതി. എന്നാല്‍ തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും ഇരു കൂട്ടരും പ്രശ്നം സംസാരിച്ചു പരിഹരിക്കണമെന്നുമായിരുന്നു പോലീസിന്റെ മറുപടി.
പഴയ ഉടമ എട്ട് വര്‍ഷം മുന്‍പ് എണ്ണായിരം രൂപയ്ക്കാണ് തയ്യല്‍ മെഷീന് വിറ്റത്. ചൊവ്വാഴ്ച രാവിലെയാണ് താന്‍ വിറ്റ തയ്യല്‍ മെഷീന് തിരികെ വേണമെന്ന ആവശ്യം പഴയ ഉടമ ഉയര്‍ത്തിയത്. മുന്‍ എംഎല്‍എയും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു. 10,000 രൂപ നല്‍കും, തയ്യല്‍ മെഷീന് തിരികെ നല്‍കണം ഇല്ലെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്നും മുന്‍ എംഎല്‍എ മുന്നറിയിപ്പും നല്കി. കുടുംബസമേതമാണ് പഴയ ഉടമ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
സ്റ്റേഷനില്‍ എത്തിയ ശേഷം വൈകാരികമായി പ്രതികരിച്ച പഴയ ഉടമയുടെ കുടംബം ഇപ്പോഴത്തെ ഉടമയ്ക്ക് നേരെ ശാപ വാക്കുകള്‍ പറഞ്ഞു തുടങ്ങി. ഒടുക്കം മനസ്സലിഞ്ഞ് തയ്യല്‍ മെഷിന് വിട്ടു നല്‍കാമെന്ന് ഉടമ സമ്മതിച്ചു. ഉടന്‍ 10,000 രൂപ വാങ്ങി തയ്യല്‍ മെഷീന് തിരികെ നല്കി. ഇരുവരും തമ്മില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാണ് സ്റ്റേഷനില്‍ നിന്നും പറഞ്ഞയച്ചത്.
Discussion about this post