പൊയിനാച്ചി: ഉത്സവം കണ്ട് വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ ബൈക്ക് കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. മുള്ളേരിയ പെരിയഡുക്കയിലെ കെ. വിജേഷ് ആണ് മരിച്ചത്. 20 വയസായിരുന്നു. 22 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്.
പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഹെൽമെറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. കാഞ്ഞങ്ങാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോഗ്രഫി വിദ്യാർഥിയാണ്. ചട്ടഞ്ചാൽ-കളനാട് റോഡിലെ കൂളിക്കുന്നിലാണ് സംഭവം. കൃഷ്ണന്റെയും തങ്കമണിയുടെയും മകനാണ് സഹോദരങ്ങൾ: കൃപേഷ് (ഇലക്ട്രീഷ്യൻ), വിജിഷ.
സംഭവം ഇങ്ങനെ;
തൃക്കണ്ണാട് ആറാട്ടുത്സവം കണ്ട് ഞായറാഴ്ച അർധരാത്രിയോടെ വിജേഷും കൂട്ടുകാരും വെവ്വേറെ ബൈക്കുകളിൽ മടങ്ങിയിരുന്നു. കൂട്ടുകാർ വീടുകളിലെത്തി വിജേഷിനെ വിളിച്ചെങ്കിലും മൊബൈൽഫോൺ ശബ്ദിച്ചതല്ലാതെ പ്രതികരണമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ വരെ ഒരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകി.
പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ വിജേഷ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെരുമ്പള പരിധിയിലാണ് കാണിച്ചത്. പല ഭാഗത്തും തിരച്ചിലിൽ ഏർപ്പെട്ടിരുന്ന നാട്ടുകാർ ഇതോടെ കോളിയടുക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച പകൽ മുഴുവൻ തിരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാത്രിയോടെ ഫോൺ ലൊക്കേഷൻ മാങ്ങാട് കൂളിക്കുന്നിൽ കാണിച്ചു.
കൂളിക്കുന്ന് വളവിൽ കോളിയടുക്കം ഭാഗത്തേക്കുള്ള റോഡിനുസമീപം മാസങ്ങൾക്ക് മുൻപ് കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. നാട്ടുകാരിൽനിന്ന് ലഭിച്ച ഈ സൂചന വെച്ചുള്ള തിരച്ചിലിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ വിജേഷിന്റെ മൃതദേഹം കുഴിയിൽ കണ്ടെത്തിയത്. ചട്ടഞ്ചാൽ ഭാഗത്തേക്ക് വന്ന ബൈക്ക് വളവിൽ നിയന്ത്രണം വിട്ട് മരത്തിൽ തട്ടി കുഴിയിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി.യിൽ അപകടദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും പ്രാഥമികമായി മറ്റു ദുരൂഹതകളില്ലെന്നും പോലീസ് അറിയിച്ചു.
വീഴ്ചയിൽ വിജേഷിന്റെ ദേഹത്ത് പരിക്കുകളുണ്ട്. അപകടമേഖലയായതിനാൽ നാട്ടുകാരാണ് സ്ഥലത്ത് നാല് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നത്. റോഡിൽനിന്ന് കുഴി കാണാത്തതാണ് അപകടം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയത്.