നെയ്യാറ്റിൻകര: നഗരസഭയിലെ അത്താഴമംഗലം വാർഡിലെ കവളാകുളത്ത് വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ ആറയൂർ സ്വദേശി ഷിജു സ്റ്റീഫൻ(45), ഭാര്യ കാരോട് പഞ്ചായത്തിലെ മാറാടി സ്വദേശിയായ പ്രമീള(37) എന്നിവരാണ് മരിച്ചത്. ഷിജു സ്റ്റീഫനെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമീളയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട്ടിലെ കട്ടിലിൽ 20 ദിവസംമ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്.
അവശനിലയിലായ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കവളാകുളം വലിയവിളയിലെ ‘ഏദൻ’ എന്ന വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഏഴുമാസം മുൻപാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. ഇവർ താമസിക്കുന്ന വീടിന് നാലുമാസമായി വാടക നൽകാൻ സാധിച്ചിട്ടില്ല. ഇവരുടെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി വീട്ടുടമ തന്നെയാണ് ഇവർക്ക് സഹായവും നൽകിയിരുന്നത്.
പ്രസവത്തിനുശേഷം പ്രമീളയെ ഒരു ഹോംനഴ്‌സാണ് പരിചരിച്ചിരുന്നത്. ഇവർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് ഹോം നഴ്‌സിനെ നൽകിയ ഏജൻസിയുടെ ഉടമ കവളാകുളത്തെ വീട്ടിലെത്തി. കുഞ്ഞിനു കൊടുക്കാനായി പാൽപ്പൊടി ഉൾപ്പെടെയുള്ള സാധനങ്ങളുമായാണ് ഇവർ എത്തിയത്. എന്നാൽ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. ഇതിനെത്തുടർന്ന് വീട്ടുടമ കൗൺസിലർ കെ.കെ.ഷിബുവുമായി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിനോക്കുമ്പോഴാണ് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷിജു സ്റ്റീഫന്റെ കഴുത്തിൽ കയർമുറുകിയ പാടുണ്ട്. തുടർന്ന് പോലീസ് സ്ഥലത്തെത്തി. കുഞ്ഞിനു ജീവനുണ്ടെന്ന് കണ്ടതിനെത്തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി കൗൺസിലർ കെ.കെ.ഷിബുവിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. ഷിജു സ്റ്റീഫനും പ്രമീളയും നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു. ഇവർ പലസ്ഥലത്തായാണ് മാറിമാറി താമസിച്ചിരുന്നത്. വാടകക്കരാറിൽ തിരുപുറം, പുലവങ്കൽ, കെ.എൽ. ഭവൻ എന്ന വിലാസമാണ് നൽകിയിരുന്നത്.
പ്രശസ്ത മലയാളി വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്നു ദുബായിയിൽ മരിച്ച നിലയിൽ
മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം, 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനു തുണയായത് നഗരസഭയിലെ രണ്ട് കൗൺസിലർമാരും വനിതാ പോലീസുമാണ്. കൗൺസിലർമാരായ കെ.കെ.ഷിബുവും സൗമ്യയും വനിതാ പോലീസായ അജിതയുമാണ് മരിച്ച ഷിജു സ്റ്റീഫന്റെയും പ്രമീളയുടെയും കുഞ്ഞിനു തുണയായത്. ഇവർ ഈ വീട്ടിലെത്തുമ്പോൾ കുഞ്ഞ് അവശനിലയിലായിരുന്നു. ഉടനെ കൗൺസിലർ കെ.കെ.ഷിബു അടുത്ത വാർഡിലെ വനിതാ കൗൺസിലറായ സൗമ്യയെ വിളിച്ചു.
ഇവരെത്തി കുഞ്ഞിന് നേരത്തെ വാങ്ങിവെച്ചിരുന്ന പാൽപ്പൊടി കലക്കി നൽകി. കുഞ്ഞിനെ പരിചരിക്കാൻ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നിന്നെത്തിയ അജിതയും ഒപ്പംകൂടി. രക്ഷിതാക്കൾ മരിച്ച കുഞ്ഞിനെ ആരും ഏറ്റെടുക്കാൻ തയ്യാറാവാതെ വന്നതോടെയാണ് ശഇശുക്ഷേമസമിതിയെ അറിയിച്ചത്. സി.ഡി.സി.യുടെ റിപ്പോർട്ട് പോലീസ് സഹായത്തോടെ വാങ്ങി കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ കൈമാറിയ ശേഷമാണ് ഇവർ മടങ്ങിയത്.
Discussion about this post