കൊല്ലം: കൊല്ലത്ത് മേയാൻ വിട്ട പശുക്കൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ യൂട്യൂബറും പിതാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്.
റജീഫും സംഘവും ‘ഹംഗ്‌റി ക്യാപ്റ്റൻ’ എന്ന യൂട്യൂബ് ചാനലിലൂടെ പശുവിന്റെയും ആടിന്റെയും ഇറച്ചിയെടുത്ത് പാചകം ചെയ്യുന്നത് വീഡിയോയായി കാണിച്ചിരുന്നു. അറുത്തെടുത്ത പശുമാംസം പാചകം ചെയ്ത് സമീപത്തെ രണ്ട് പോലീസ് സ്‌റ്റേഷനുകളിലും അഗ്നിരക്ഷാസേനയുടെ ക്യാംപിലും എത്തിച്ച് നന്മയുടെ പ്രതിരൂപമാകാൻ ശ്രമിച്ചിരുന്നു. എന്നാൽ തൊട്ടു പിന്നാലെ തന്നെ സംഘത്തിന് പോലീസിന്റെ പിടിവീഴുകയായിരുന്നു.
11-ാം മൈൽ കമ്പംകോട് സ്വദേശി സജിയുടെ ഗർഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കർഷകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അന്വേഷണത്തിലാണ് യൂട്യൂബറും സംഘവും പിടിയാലയത്. ഇവരുടെ കൈയ്യിൽ നിന്നും മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച കൈത്തോക്കും ആയുധങ്ങളും ഒളിപ്പിച്ച സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയാണ് കണ്ടെടുത്തത്.
മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ രാത്രിയിൽ കൊന്ന് ഇറച്ചി കടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഏരൂർ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരുടെ യൂട്യൂബ് വീഡിയോ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.