തിരുവനന്തപുരം: മദ്യപിച്ച് ബഹളം വെച്ചെന്ന് ആരോപിച്ച് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. തിരുവല്ലം ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. തുടർന്ന് നാട്ടുകാരും സുരേഷിന്റെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പോലീസുകാരുടെ മർദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ് ഇവരുടെ ആരോപണം. സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടി വേണമെന്നും തടിച്ചുകൂടിയ ജനാവലി ആവശ്യപ്പെടുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്യപിച്ച് പ്രശ്നമുണ്ടാക്കി, ഒരു കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിന്മേൽ സുരേഷ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയെല്ലാം സ്റ്റേഷനിൽ എത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽവെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. സുരേഷിനെ മർദിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
എന്നാൽ, പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ സുരേഷിനെ മർദിച്ചിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു. രാത്രി പോലീസ് വാഹനത്തിൽ കയറ്റുന്നതിന് മുമ്പ് മർദിച്ചിരുന്നതായും ഇവർ പറയുന്നു. സുരേഷ് അസുഖബാധിതനല്ലെന്നും നെഞ്ചുവേദന വരാൻ സാധ്യതയില്ലെന്നും പോലീസിന്റെ മർദനമേറ്റാണ് യുവാവ് മരിച്ചതെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും തിരുവല്ലം പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സുരേഷിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post