കണ്ണൂർ: അപൂർവരോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി(എസ്എംഎ) ബാധിച്ച രണ്ടര വയസുകാരി ഷാനിക്കായി സുമനസുകളുടെ സഹായം തേടി കുടുംബം. സാധാരണക്കാരായ കുടുംബത്തിന് താങ്ങാവുന്നതല്ല ചികിത്സാചെലവ്. അതുകൊണ്ടുതന്നെ കണ്ണൂർ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിലെ വായാട് സ്വദേശിയായ കോറോംകുടിയൻ ഷാജിയും ഭാര്യ റോഷ്‌നിയും സുമനസുകളുടെ കനിവ് കാത്തിരിക്കുകയാണ്. ഈ ദമ്പതികളുടെ ഇളയ മകൾ ഷാനിയെ ആണ് രോഗം ബാധിച്ചിരിക്കുന്നത്. രണ്ടര വയസാണ് ഷാനിക്ക്.
ഇവരുടെ മറ്റൊരു മകൻ ഇഷാനും ഇതേ രോഗം തന്നെയാണ്. എന്നാൽ അമേരിക്കയിലെ ഒരു എൻജിഒ സംഘടന വഴി ഇഷാന്റെ ചികിത്സ നടക്കുന്നുണ്ട്. അതേസമയം, 8 മാസം പ്രായമായിട്ടും ഷാനിക്ക് സ്വാഭാവികമായുള്ള ചലനങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇഷാനൊപ്പം പരിശോധന നടത്തിയപ്പോഴാണ് എസ്എംഎ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. നിലവിൽ രണ്ട് കാലുകൾക്കും തളർച്ച ബാധിച്ച് നടക്കാൻ സാധിക്കാത്ത ഷാനിയുടെ സഞ്ചാരം അച്ഛനും അമ്മയും ചേർന്ന് തള്ളി നീക്കുന്ന ചക്ര കസേരയിലാണ്.
കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇഷാന്റേയും ഷാനിയുടേയും ചികിത്സ നടക്കുന്നത്. രണ്ടര വയസ്സായ ഷാനിക്ക് എത്രയും പെട്ടെന്ന് 6 കോടി രൂപ വിലയുള്ള സോൾജൻസ്മ തെറപ്പി ചികിത്സ നൽകിയാൽ മാത്രമേ ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കുകയുള്ളൂ. കൂലിപ്പണിക്കാരനായ ഷാജിക്കും ഭാര്യയ്ക്കും ചിന്തിക്കാവുന്ന തുകയല്ല ആറ് കോടിയെന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഷാനിയുടെ ചികിത്സക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പരിയാരം പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഒത്തൊരുമിച്ചാണ് ഷാനിയുടെ ചികിത്സക്കുള്ള 6 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ ചെയർമാനും പിസി റഷീദ് ജനറൽ കൺവീനറും ഇബ്രാഹിംകുട്ടി തിരുവട്ടൂർ ട്രഷററുമായുള്ള കമ്മിറ്റിയാണ് ഷാനി മോൾക്കായി പ്രവർത്തിക്കുന്നത്.
സഹായങ്ങൾ ഷാനി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ തളിപ്പറമ്പ് ഫെഡറൽ ബാങ്കിലെ 11270200017719 എന്ന അക്കൗണ്ട് നമ്പറിലേക്ക്(IFS Code FDRL0001127) അയയ്ക്കണമെന്ന് ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎംകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, പിസി റഷീദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഇ ടി രാജീവൻ എന്നിവർ അഭ്യർത്ഥിച്ചു. ഗൂഗിൾ പേ നമ്പർ – 7902391355.