കൊല്ലം: കൊല്ലം ഏഴുകോൺ ബീവറേജസ് വിൽപനശാലയിൽ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവർ. പരാതിയെ തുടർന്ന് ബീവറേജസ് വിൽപനശാലയിൽ എക്സൈസ് പരിശോധന നടത്തി. സാധാരണക്കാർ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് ബീവറേജ് പ്രവർത്തിച്ചില്ല. ദിവസങ്ങൾക്കു മുൻപാണ് ഏഴുകോൺ ബീവറേജസിൽ നിന്ന് ഓട്ടോഡ്രൈവർ മദ്യം വാങ്ങിയത്. ബുധനാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. അന്നു വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അതേസമയം, കൂടെ മദ്യപിച്ച സുഹൃത്തിനോ ഇവിടെ നിന്നു മദ്യം വാങ്ങി കുടിച്ച മറ്റുള്ളവർക്കോ കാഴ്ചയെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.