ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻവേണ്ടി ഭർത്താവിനെ അതിമാരകമായ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ പഞ്ചായത്തംഗമായ ഭാര്യ അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് പഞ്ചായത്തംഗം സൗമ്യയാണ് പിടിയിലായത്. വിദേശ മലയാളിയും കാമുകനുമായ വണ്ടൻമേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ തന്റെ ഭർത്താവിനെ കുടുക്കിയത്. സംഭവത്തിൽ സൗമ്യ സുനിലിന് മയക്കുമരുന്ന് എത്തിച്ച എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സൗമ്യയുടെ പദ്ധതികൾ ഇങ്ങനെ;
കാമുകൻ വിനോദുമായി ചർച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭർത്താവിന്റെ ബൈക്കിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടർന്ന് വിനോദ് വാഹനത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമം നടക്കുന്നതായി പോലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ഭാര്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്. കഴിഞ്ഞ 18നാണ് ഷെഫിൻ, ഷാനവാസ് എന്നിവർ വണ്ടൻമേട് ആമയറ്റിൽ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. ആദ്യം ഭർത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്.
ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാൽ പോലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ സൗമ്യയും സംഘവും തീരുമാനിച്ചത്.
Discussion about this post