കൊല്ലം: മാസ്റ്റേഴ്‌സ് മിസ്റ്റർ ഇന്ത്യ നേട്ടം സ്വന്തമാക്കി റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ. കൊല്ലം തെക്കേവിള കൃഷ്ണശ്രീയിൽ എ.സുരേഷ്‌കുമാറാണ് തന്റെ 58ാം വയസ്സിൽ മിസ്റ്റർ ഇന്ത്യ നേട്ടം നേടിയത്. ഇപ്പോൾ കൊല്ലത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സുരേഷ് കുമാർ.
ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്‌സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം സ്വന്തമാക്കിയത്. മുൻപ് മിസ്റ്റർ കൊല്ലവും മിസ്റ്റർ കേരളയുമായിരുന്നു സുരേഷ്. ഇപ്പോൾ കൊല്ലം എസ്എൻ കോളേജ് ജംഗ്ഷനിലുള്ള ഏലിയൻ ജിമ്മിലെ പരിശീലകൻ കൂടിയാണ്.
മിസ്റ്റർ ഇന്ത്യ മത്സരത്തിനു വേണ്ടി, 25 വയസ്സുകാരനായ അഭിഷേകിനു കീഴിൽ ഒരു വർഷമായി ചിട്ടയായ പരിശീലനത്തിലായിരുന്നു. കഴിഞ്ഞ 30 വർഷമായി സുരേഷ് കുമാർ ബോഡിബിൽഡിങ് രംഗത്തുണ്ട്. ഭാര്യ മിനി, മക്കളായ ശ്രുതി, അനന്ദകൃഷ്ണൻ, മരുമക്കളായ ഹരികൃഷ്ണൻ, ഡോ.കബനി, ചെറുമക്കളായ വേദ, അഖിൽ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പിന്തുണ കൂടിയുണ്ട് സുരേഷിന്. മകൻ അനന്തകൃഷ്ണൻ ദുബായിയിൽ ബോഡി ബിൽഡിങ് ട്രെയിനറാണ്.