പാലക്കാട്: പഠനാവശ്യത്തിനായി ഉക്രൈനിൽ താമസമാക്കിയ മക്കളെ ഓർത്ത് ആശങ്കയിലാണ് പാലക്കാട്ടെ ഈ മാതാപിതാക്കൾ. ഇവരുടെ രണ്ടു മക്കളും യുദ്ധത്തിന്റെ കെടുതികൾക്കിടെ ഉക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്.
പാലക്കാട് വലിയ പാടത്തെ സുരേഷ് കുമാറിന്റേയും ഭാര്യ അർച്ചനയുടേയും മക്കളാണ് മെഡിക്കൽ പഠനത്തിനായി ഉക്രൈനിൽ തങ്ങുന്നത്. ചെർണവ്സ്‌കിയിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് ഗിരീഷ് മേനോനും ലക്ഷ്മിയും. അടുത്തമാസം നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു ഇതിനിടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം, മക്കൾ വീഡിയോ കോളിൽ ബന്ധപ്പെടുന്നുണ്ട് എന്നതാണ് സുരേഷ് കുമാറിന്റേയും ഭാര്യയുടേയും ഏക ആശ്വാസം. ഇരുവരേയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാണ് ഈ അച്ഛനും അമ്മയ്ക്കും അപേക്ഷിക്കാനുള്ളത്.