ആലപ്പുഴ: എ അലക്‌സാണ്ടർ ഐഎഎസ് ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൾ പകരം ചുമതലയേൽക്കാൻ ഡോ. രേണു രാജ് ഐഎഎസ് എത്തും.ആലപ്പുഴ ജില്ലാ കളക്ടർ ആയി രേണു രാജിനെ നിയമിച്ച് ഉത്തരവായി. നഗരകാര്യ ഡയറക്ടർ സ്ഥാനത്തു നിന്നാണ് ഡോ. രേണു രാജ് കളക്ടർ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് എ അലക്‌സാണ്ടർ വിരമിക്കുന്നത്.
വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ പാർക്ക് എന്നിവയുടെ ഡയറക്ടർ ആയി ചുമതലയേറ്റിരുന്ന അദീല അബ്ദുള്ളയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഫിഷറീസ് ഡയറക്ടർ ആർ ഗിരിജ ഐഎഎസ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദീല അബ്ദുള്ളയെ നിയമിച്ചത്.
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാൽ തൽസ്ഥാനത്തിന്റെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവൻമാർക്കാകുമെന്നും സർക്കാർ അറിയിച്ചു.
തൃശ്ശൂർ ജില്ലാ വികസന കമ്മീഷണറായ അരുൺ കെ വിജയനെ നഗരകാര്യ ഡയറക്‌റായും സർക്കാർ നിയമിച്ചു. നിലവിലെ ഡയറക്ടർ ഡോ. രേണു രാജ് ആലപ്പുഴ കളക്ടറായതോടെയാണ് അരുണിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചത്.
Discussion about this post