കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. 48 മണിക്കൂറിനിടയില്‍ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. കുട്ടിയ്ക്ക് ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി.
ഓരോ ദിവസം കഴിയും തോറും കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ്. കടുത്ത അപസ്മാരത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തില്‍ അപസ്മാരം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മരുന്നുകള്‍ ഫലിച്ചതോടെ അപസ്മാരം കുറഞ്ഞു. ഇതോടെ കുട്ടികളുടെ ചികിത്സാ വിഭാഗത്തില്‍ നിന്ന് കുട്ടിയെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി.
ശരീരത്തിലെ മുറിവുകളും ഉണങ്ങിത്തുടങ്ങി. കുട്ടിയ്ക്ക് ട്യൂബ് വഴി ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയിട്ടുണ്ട്. കുട്ടി കണ്ണുതുറന്നതും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ട് മരുന്നിലൂടെ അത് മാറ്റാന്‍ ശ്രമിക്കുകയാണ്. തലയുടെ പിന്നില്‍ ഒരു ക്ഷതമുണ്ട്. അതിനുള്ള ചികിത്സയും നല്‍കി വരികയാണ്.
എല്ലാവരുടേയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ട്. കുട്ടി സ്വയം വരുത്തിവെച്ച പരിക്കാണെന്ന ബന്ധുക്കളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ മൊഴികളിലെ വൈരുധ്യം കൂടുതല്‍ സംശയത്തിന് ഇടയാക്കന്നതായും പോലീസ് പറയുന്നു.
ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. കുട്ടിയുടെ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് എന്നിവയും സാധാരണ നിലയിലാണ്. അതേസമയം, സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരിയെയും പങ്കാളി ആന്റണി ടിജിനെയും കണ്ടെത്താനായിട്ടില്ല.
പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആന്റണിയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കുന്തിരിക്കം തെറിച്ചാണ് കുട്ടിക്ക് പൊള്ളലേറ്റത് എന്നാണ് അമ്മയടക്കം പറയുന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ കുറച്ചു ദിവസങ്ങളായി അസ്വാഭാവിക മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും അമ്മ പറഞ്ഞു.