തിരൂർ: ഫർണിച്ചർ കയറ്റിയ ലോറിയിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചതിൽ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവർ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയിൽ വെട്ടം ആലിശ്ശേരിയിലെ ലോറിഡ്രൈവർ മുതിയേരി ബിജു(28)വാണ് തൂങ്ങിമരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ചരാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. നാലുമാസം മുമ്പാണ് ബിജു പാംസ് ഫർണിച്ചർ ഷോപ്പിന്റെ ഫർണിച്ചറുമായി പുനലൂരിലേക്ക് ലോറിയോടിച്ച് പോയത്. യാത്രാമധ്യേ കാൽനടയാത്രക്കാരന് റോഡു മുറിച്ചു കടക്കുന്നതിനിടയിൽ ബിജു ഓടിച്ച ലോറിയിടിച്ചു പരിക്കേൽക്കുകയായിരുന്നു.
അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേലോറിയിൽ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ യാത്രയ്ക്കിടെ ബിജുവിന്റെ മടിയിൽക്കിടന്നാണ് കാൽനടയാത്രക്കാരൻ മരിച്ചത്. ഈ സംഭവത്തിലെ മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു.
തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ALSO READ- വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ
ബുധനാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ: ബിൻസി, ബൈജു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)