കൊച്ചി: കോലഞ്ചേരിയിൽ ചികിത്സയിൽ കഴിയുന്ന കുമ്പളം സ്വദേശിനിയുടെ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലെന്ന്, ഇവർക്കൊപ്പം താമസിച്ചിരുന്ന സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്റെ വെളിപ്പെടുത്തൽ. ഈ കുടുംബത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ ഒളിവിലല്ല. ഭക്ഷണം പോലും കഴിക്കാതെ താൻ കഷ്ടപ്പെടുകയാണെന്നും ഇയാൾ പറയുന്നു. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടിജിൻ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്നു വൈകിട്ടോടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകാനാകുമെന്നാണ് കരുതുന്നത്. കുഞ്ഞ് ശ്വാസം എടുക്കുന്നതിനുള്ള കഴിവു വീണ്ടെടുത്തതിനാൽ വെന്റിലേറ്ററിൽ നിന്നും മാറ്റി. 48 മണിക്കൂറിനുള്ളിൽ ശ്വാസതടസ്സമുണ്ടായാൽ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കും. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആന്റണിയുടെ വാക്കുകൾ;
കുട്ടികളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് താൻ. കുഞ്ഞിന്റെ അച്ഛൻ, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ക്രൂശിക്കുകയാണ്. അത് വിശ്വസിച്ചിരിക്കുകയാണ് പാവം ജനങ്ങളും പൊലീസും മാധ്യമങ്ങളും. ദുർമന്ത്രവാദം ചെയ്ത് ഇവരെ വശത്താക്കി എന്നാണ് ചിലർ പറയുന്നത്. പള്ളിയിൽ പോയി കുർബാന കൊള്ളുന്ന ആളാണ്. മന്ത്രവാദിയല്ല, സത്യക്രിസ്ത്യാനിയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളാണ് എന്നെക്കുറിച്ചു പറയുന്നത്.
കുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ വന്നു കരച്ചിലും നാടകവും നടത്തുകയാണ്. എന്നിട്ട് എന്തുകൊണ്ടാണ് കുട്ടിയുടെ ബില്ലു പോലും അടയ്ക്കുന്നില്ല എന്നു പറയണം. കള്ളക്കഥ പറഞ്ഞു കുടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ കുട്ടിയുടെ അമ്മയും അമ്മൂമ്മയും സ്വർണം മുഴുവൻ പണയം വച്ചാണ് ആശുപത്രി ബില്ലടച്ചിരിക്കുന്നത്.
ഇപ്പോൾ കുമ്പളത്തെ വീടു വിറ്റു തരണമെന്നാണ് വിളിച്ചു പറഞ്ഞിരിക്കുന്നത്. ഒരിക്കലും കുഞ്ഞിനെ പിച്ചിയിട്ടു പോലുമില്ല. സത്യം എന്നായാലും തെളിയും. തെറ്റുകാരനല്ലെന്നു തെളിഞ്ഞാൽ അന്ന് കുറ്റപ്പെടുത്തുന്നവർ എന്തു ചെയ്യും? കുഞ്ഞ് ജനലിൽ കയറി സംഭവിച്ചതാണ് പരിക്കുകളെന്നും ദൈവത്തെ ഓർത്തു തന്നെ വിശ്വസിക്കണം.
Discussion about this post