പന്തളം: കുട്ടിക്കാലം മുതലെ ഇഴപിരിയാത്ത കൂട്ടുകാർ മരണത്തിലും ഒരുമിച്ചു. അപ്രതീക്ഷിതമായി എത്തിയ വാഹനാപകടം നാടിനു പ്രിയപ്പെട്ട മനോജിനെയും ശ്രീജിത്തിനെയുമാണ് കവർന്നെടുത്തത്. സുഹൃത്തായ മനുവിനെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങിയ യാത്രയിലാണ് ഇരുവരും മോനിപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.
ശ്രീജിത്തിനെ കുട്ടനെന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഇരുവരും നാടിന് ഏറെ പ്രിയപ്പെട്ടവർ കൂടിയായിരുന്നു. രണ്ടുപേരുടെയും അപ്രതീക്ഷിത വിയോഗം നാടിനെ സങ്കട കടലിലാഴ്ത്തി. ശ്രീജിത്തിന്റെ അമ്മ ഉഷാകുമാരിക്ക് മനോജ് മകനേപ്പോലെയായിരുന്നു. ആഹാരം കഴിക്കാനും വീട്ടിലെ എന്ത് കാര്യത്തിനും മനോജ്, ശ്രീജിത്തിന്റെ കൊട്ടിലുവുളയിൽ വീട്ടിലേക്ക് ഓടിയെത്തും.
കുറച്ചുനാൾ മുമ്പ് ശ്രീജിത്ത് അബുദാബിയിൽ ജോലിതേടിപ്പോയി രണ്ട് മാസം മുമ്പ് മടങ്ങിയെത്തിയപ്പോഴും പഴയ സൗഹൃദം കൂടുതൽ ദൃഢമായി. ശേഷം, നാട്ടിലെത്തിയ ശ്രീജിത്ത് മനോജിനൊപ്പം വെൽഡിങ് ജോലികൾക്ക് സഹായിക്കാനായി പോകുമായിരുന്നു. ഒന്നിച്ച് ബൈക്കിൽ പോകുന്ന സുഹൃത്തുക്കളെ അസൂയയോടെയും നോക്കി കണ്ടവരുമുണ്ട്.
ചെറുപ്പത്തിൽ അച്ഛൻ ഭാസ്‌കരൻ മരിച്ചപ്പോൾ അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയതായിരുന്നു മനോജ്. വീടെന്ന സ്വപ്‌നം ബാക്കിയാക്കിയായിരുന്നു മനോജിന്റെ അപ്രതീക്ഷിത വിയോഗം. രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞപ്പോൾ അടുത്തത് കയറിക്കിടക്കാനുള്ള വീടിനായിട്ടായിരുന്നു ശ്രമം. പഴയ വീട് പൊളിച്ചുമാറ്റി സമീപത്തായി ഒരു ഷെഡ് കെട്ടി അതിലായിരുന്നു മനോജിന്റെയും കുടുംബത്തിന്റെയും താമസം.
നടി കെപിഎസി ലളിത വിടവാങ്ങി, മലയാള സിനിമാ ലോകത്തിന് തീരാനഷ്ടം
പഞ്ചായത്തിൽനിന്ന് വീടനുവദിച്ചെങ്കിലും ഇതിന്റെ പണികൾ ബാക്കിയായിരുന്നു. രാവിലെ റബ്ബർ വെട്ടാൻ ഭാര്യ അനിതയും മനോജുംകൂടി പോകുമായിരുന്നു. തിരികെയെത്തിയാൽ വെൽഡിങ് ജോലിക്ക് പോകും. വിശ്രമില്ലാതെ ജോലിചെയ്ത് വീടുപണി പടിപടിയായി പൂർത്തിയാക്കി വരുന്ന വേളയിലായിരുന്നു അപകട രൂപത്തിൽ മനോജിനെ വിധി തട്ടിയെടുത്തത്.