കണ്ണൂർ: വീണ്ടും കണ്ണൂരിൽ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ ചോര ചിന്തുന്നു. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിനെ ആർഎസ്എസുകാർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് അഞ്ചംഗസംഘമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നാല് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗം നടത്തിയ തലശേരി നഗരസഭാ ബിജെപി കൗൺസിലർ ലിജേഷ്, അമൽ, സുനേഷ്, വിമിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിൽ അഞ്ച് പേരുണ്ടെന്നും ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന.
തുടരെയുള്ള വെട്ടലിൽ കാലുകൾ അറ്റുതൂങ്ങിയതിനെ തുടർന്ന് അമിത രക്തസ്രാവമാണ് ഹരിദാസന്റെ മരണത്തിന് കാരണമായത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. ഇടതുകാൽ പൂർണ്ണമായും വെട്ടിമാറ്റി. വലതു കാലിൽ മാരകമായ 4 വെട്ടുകളുണ്ട്. തുടയ്ക്കും വെട്ടേറ്റു. ഇരുകൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പരിശോധനയിൽ കണ്ടെത്തി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ബൈക്കിൽ എത്തിയ അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹരിദാസനെ വെട്ടികൊലപ്പെടുത്തിയത്. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉണ്ടെന്നും പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
Discussion about this post