തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നടത്തിയ മിന്നൽപരിശോധനയിൽ പൊളിഞ്ഞത് ജീവനക്കാരുടെ കള്ളം. മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി മന്ത്രിയോടെ രോഗികൾ പരാതി പറഞ്ഞതോടെയാണ് വലിയൊരു കള്ളം പൊളിഞ്ഞത്. ജനറൽ ആശുപത്രിയിലെ ഒരു കൗണ്ടർ മാത്രമേ പ്രവർത്തിക്കാറൂള്ളൂവെന്ന് ക്യൂവിൽ നിന്ന ഒരാൾ പരാതി പറയുകയായിരുന്നു.
ഉടൻ തന്നെ മന്ത്രി കൗണ്ടറിൽ കയറി കാര്യമന്വേഷിച്ചു. കമ്പ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ലെന്നുമാണ് അവിടെയുണ്ടായിരുന്ന ജീവനക്കാരി മന്ത്രിയെ അറിയിച്ചത്. തുടർന്ന് മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി ടെക്നീഷ്യൻമാരുടെ സഹായത്തോടെ പരിശോധിച്ചതോടെ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി, ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടർ പുന:സ്ഥാപിക്കാനും മന്ത്രി നിർദേശം നൽകുകയായിരുന്നു.
ഒരു കൗണ്ടർ മാത്രം പ്രവർത്തിക്കുന്നത് കാരണം ഒപി ടിക്കറ്റ് എടുക്കാനും പണമടക്കാനും ഉൾപ്പടെ രോഗികൾ വലിയ പ്രയാസമനുഭവിക്കുകയായിരുന്നു. ഇതിനാണ് പരിഹാരം കാണാൻ മന്ത്രി നിർദേശിച്ചത്. ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കണം. ഒപിയിൽ തിരക്ക് ഒഴിവാക്കുന്നതിന് ഒപി കൗണ്ടറുകളും ചില ഒപി പരിശോധനാ മുറികളും രോഗികൾക്ക് സൗകര്യപ്രദമായവിധം പുനക്രമീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കാനും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവർക്ക് പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാർമസി, കോവിഡ് വാർഡ്, ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്, വിവിധ ഐസിയുകൾ, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദർശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.
ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അപ്പക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ, വിവിധ മാനിക്വിനുകൾ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകൾ എന്നിവ മന്ത്രി നേരിട്ട് വിലയിരുത്തി.
സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്തിട്ടും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിക്കു തീർപ്പ് കൽപ്പിക്കാനും മന്ത്രിക്കായി. ആരോഗ്യ വകുപ്പ് ഡയറക്ടർ വിആർ രാജു മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Discussion about this post