ദുബായ്: ഇന്ത്യയിൽ നിന്നും ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി വിമാനത്താവളത്തിലെ റാപിഡ് പിസിആർ പരിശോധന വേണ്ട. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആറിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാണ്.
ഷാർജയുടെ ഔദ്യോഗിക എയർലൈനായ എയർ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.
അതേസമയം, വിമാനത്താവളത്തിലെ റാപിഡ് പിസിആർ പരിശോധന ഒഴിവാക്കിയത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഈ പരിശോധന ഇരട്ടി സാമ്പത്തിക ബാധ്യതക്ക് പുറമെ അവസാന നിമിഷം തെറ്റായ ഫലത്തിലൂടെ കോവിഡ് പോസിറ്റീവാകുന്നതും യാത്രക്കാരെ വലച്ചിരുന്നു. യാത്ര മുടങ്ങുന്നവരുടെ എണ്ണം ഇനിയെങ്കിലും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.