കോഴിക്കോട്: കോർപറേഷൻ അടപ്പിച്ച കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകൾ വീണ്ടും തുറക്കുന്നു. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോർഡ് കടയിൽ തൂക്കിയിടുന്നത് അടക്കമുള്ള നിർദേശങ്ങൾ കോർപ്പറേഷൻ കച്ചവടക്കാർക്ക് നൽകിയിട്ടുണ്ടെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ബീച്ചിലെ പെട്ടിക്കടയിൽ നിന്ന് അബദ്ധത്തിൽ വിനാഗിരി ലായനി കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റത്തിനെ തുടർന്നാണ് പെട്ടികടകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയത്.
കഴിഞ്ഞ 15 ന് ആയിരുന്നു വരക്കൽ ബീച്ച് ഭാഗത്തുനിന്ന് ഉപ്പിലിട്ടത് കഴിച്ചതിന് ശേഷം അവിടെ സൂക്ഷിച്ച വെള്ളം കുടിച്ച കാസർകോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റത്. പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കായിരുന്നു പരിക്കേറ്റത്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടി പെട്ടെന്ന് തുപ്പിയപ്പോൾ സുഹൃത്തിന്റെ പുറത്തു തെറിച്ചു. ആ കുട്ടിയുടെ പുറത്തും കാര്യമായി പൊള്ളലേറ്റു. ഇവർ ചികിത്സയിലുമായിരുന്നു. അതേസമയം, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടികൾ കുടിച്ചത് വിനാഗിരിയാണെന്നും ആസിഡല്ലെന്നും കണ്ടെത്തിയിരുന്നു.
കോഴിക്കോട് മേയർ പറയുന്നു;
കടകൾ തുറക്കുന്നതിന് മുന്നോടിയായി കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥും പെട്ടിക്കടകളിലെ തൊഴിലാളികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി. പരിശോധനയും ശക്തമാക്കും. കച്ചവടക്കാരൊക്കെ സാധാരണക്കാരാണ്. അവരെ ബുദ്ധിമുട്ടാക്കാൻ ഉദ്ദേശ്യമില്ല. പറ്റുമെങ്കിൽ തിങ്കളാഴ്ച തന്നെ കടകൾ തുറക്കാൻ അനുവദിക്കുന്ന കാര്യം പരിശോധിക്കും ഭക്ഷണം ഉപ്പുപിടിക്കാൻ ഉപയോഗിക്കുന്ന ലായനി കച്ചവടക്കാർ മൊത്തവിലയ്ക്കാണ് വാങ്ങുന്നത്. ഇത് ഇനിമുതൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേകം പരിശോധിക്കും.
കോഴിക്കോടുനിന്ന് നല്ല ഭക്ഷണം കഴിക്കാനും ബീച്ച് ആസ്വദിക്കാനുമാണ് ആളുകൾ എത്തുന്നത്. ഉപ്പിലിട്ടതൊക്കെ കോഴിക്കോടിന്റെ സൗന്ദര്യത്തിന്റെ ഭാഗം കൂടിയാണ്. അപ്പോൾ നല്ല ഭക്ഷണം ഉറപ്പാക്കാൻ നമുക്ക് കഴിയണം. അതിന് കച്ചവടക്കാരും പൂർണമായും പിന്തുണക്കുന്നുണ്ടെന്നും ബോധവൽക്കരണമടക്കമുള്ള കാര്യങ്ങളിൽ കച്ചവടക്കാരെല്ലാം പങ്കെടുക്കുന്നുണ്ട്.