തിരുവനന്തപുരം: വെമ്പായത്ത് നാലുവയസ്സുകാരൻ കാൽവഴുതി കുളത്തിൽ വീണുമരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകൻ ലാലിൻ മുഹമ്മദ് ആണ് മരിച്ചത്. കുളക്കോട് അംഗണ വാടിയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. കുളത്തിന് സമീപത്തായിരുന്നു വീട്. വീട്ടിൽനിന്ന് പാൽ വാങ്ങാൻ മുനീറ വൈകിട്ടോടെ ലാലിനെ പറഞ്ഞുവിട്ടതായിരുന്നു.
എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങിവന്നില്ല. തുടർന്ന് ലാലിന്റെ മൂത്തസഹോദരൻ ലല്ലു അന്വേഷിച്ചുപോയി. റോഡിനു സമീപത്തെ കുളത്തിന്റെ കരയിൽ പാൽ ഇരിക്കുന്നത് ലല്ലു കണ്ടു. കുളത്തിൽ നോക്കിയപ്പോൾ ലാലിൻ കുളത്തിൽ വീണു കിടക്കുന്നതും കണ്ടു. ലല്ലു വിവരം അറിയച്ചതിന് പിന്നാലെ മുനീറയും സമീപവാസികളും എത്തി ലാലിനെ കരയ്ക്ക് കയറ്റി.
തുടർന്ന് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം വൃത്തിയാക്കിയത്.
ഈ കുളത്തിലാണ് കുട്ടി വീണു മരിച്ചത്. കുളത്തിനു സമീപത്ത് കൂടിയും കുട്ടിയുടെ വീട്ടിലേക്ക് പോകാം. കുളത്തിലേക്ക് ലാലിൻ എത്തിനോക്കിയപ്പോൾ കാൽ വഴുതി വീണതാകാം എന്ന് നാട്ടുകാർ പറയുന്നു.
Discussion about this post