ബംഗളൂരൂ: പാലക്കാട് കൂർമ്പാച്ചി മലയിടുക്കിൽ കാൽ വഴുതി വീണുപോയ ബാബുവിനെ രക്ഷിച്ചത് പോലെ വീണ്ടും വ്യോമസേനയെത്തി നന്ദി ഹിൽസിൽ അപകടത്തിൽപ്പെട്ട കൗമാരക്കാരനെ രക്ഷിച്ചിരിക്കുകയാണ്. കർണാടകയിലെ നന്ദിഹിൽസിൽ ട്രക്കിങ്ങിനിടെയാണ് മുന്നൂറടി താഴ്ചയിലേക്ക് 19-കാരൻ നിഷാങ്ക് ശർമ വീണത്. കുടുങ്ങിപ്പോയ നിഷാങ്കിനെ ഒടുവിൽ വ്യോമസേനയും കർണാടക പോലീസും ചേർന്നാണ് രക്ഷിച്ചത്.
പാറയിടുക്കിലേക്ക് വീണ നിഷാങ്കിന് കല്ലിൽ പിടിച്ചു കിടക്കുകയായിരുന്നു. തുടർന്ന് നിഷാങ്ക് തന്നെയാണ് വീട്ടുകാരെയും പ്രാദേശിക പോലീസിനെയും വിളിച്ച് അറിയിച്ചത്. നിഷാങ്ക്, ലൊക്കേഷൻ ഓൺ ആക്കിയിട്ടതിനാലാണ് തങ്ങൾക്ക് പ്രദേശത്തേക്ക് വേഗം എത്താൻ സാധിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിഷാങ്ക് ശർമ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. നന്ദി ഹിൽസിലെ ബ്രഹ്മഗിരി റോക്ക്സിൽ ഞായറാഴ്ചയായിരുന്നു സംഭവം. നിലവിൽ പ്രദേശത്തേക്ക് പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ചെക്ക് പോസ്റ്റിന് സമീപംവെച്ച് നിഷാങ്കിനെ തടഞ്ഞിരുന്നെന്ന് പോലീസും പറഞ്ഞു. തുടർന്ന് നിഷാങ്ക് തന്റെ മോട്ടോർ സൈക്കിൾ ചെക്ക് പോസ്റ്റിൽ പാർക്ക് ചെയ്ത ശേഷം നടന്ന് മലകയറുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
പാറയിടുക്കിൽ വീണ നിഷാങ്കിന്റെ അടുത്തേക്ക് എത്തിച്ചേരൽ പ്രയാസമായിരുന്നു. മലമ്പുഴയിലെ ബാബുവിനെ പോലെ നിഷാങ്കിന് മുറിവേൽക്കുകയും ചെയ്തിരുന്നു.
ALSO READ- സപ്ലൈകോ ഉത്പന്നങ്ങൾക്ക് ഒപ്പം സെൽഫിയെടുക്കൂ, അയ്യായിരം രൂപ വരെ സമ്മാനം നേടാം!
പാറയിലൂടെ നിഷാന്തിനെ ഉയർത്തിക്കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതിനാൽ പ്രാദേശിക പോലീസ് ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടി. ജില്ലാ ഭരണകൂടമാണ് വ്യോമസേനയുമായി ബന്ധപ്പെട്ടത്. എംഐ. 17 ഹെലികോപ്റ്ററാണ് രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. ഹെലികോപ്ടറിന് ലാൻഡിങ് സാധ്യമാകാത്തതിനാൽ ഹെലികോപ്ടർ താഴ്ന്ന് പറക്കുകയും ഫ്ളൈറ്റ് ഗണ്ണർ താഴെയെത്തി നിഷാങ്കിനെ ഉയർത്തുകയുമായിരുന്നു.
നിഷാങ്കുമായി വ്യോമസേനാ സംഘം യെലഹങ്ക എയർ ഫോഴ്സ് സ്റ്റേഷനിലെത്തുകയും വൈകാതെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Discussion about this post