ഞാൻ കരഞ്ഞിരിക്കുന്നത് ചേട്ടന് ഇഷ്ടപ്പെടില്ല.. ജീവിതം മുഴുവൻ ഓർക്കാനുള്ള ഓർമകൾ തന്നിട്ടല്ലേ പോയത്… പിന്നെ, ഞാൻ എന്തിനു കരയണം? ബാലാജി ഇല്ലാതെ ചായക്കട തുറന്ന് മോഹന

Traveler mohana | Bignewslive

ചായക്കട നടത്തി സമ്പാദിച്ച തുകയുമായി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അടുത്തിടെയാണ് ലോകത്തോട് തന്നെ വിടപറഞ്ഞു പോയത്. ഇപ്പോൾ വിജയൻ ഇല്ലാതെ, മോഹന മാത്രമായി കൊച്ചിയിലെ ‘ശ്രീ ബാലാജി’ കോഫിഹൗസ് ആദ്യമായി തുറന്നിരിക്കുകയാണ്. ഇന്നലെയാണ് മോഹന ചായക്കട തുടങ്ങിയത്. രാമേശ്വരത്ത് വിജയന്റെ അസ്ഥിനിമഞ്ജന ചടങ്ങുകൾ കഴിഞ്ഞ് തലേന്ന് വീട്ടിലെത്താൻ വൈകി. ഉച്ചയോടെയാണ് കട തുറന്നത്.

ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകൻ ഹരിപ്രസാദിന്റെ തകർന്ന വലത്‌ കൈപ്പത്തി മുറിച്ചു മാറ്റി! ഇടത് കൈയുടെ മൂന്ന് വിരലുകളും നഷ്ടപ്പെട്ടു

ആളുകൾ പതിവു പോലെ കടയിലേക്ക് എത്തുന്നുണ്ട്. തന്റെ പ്രിയതന്റെ ഓർമകളിലൂടെയാണ് മോഹനയുടെ സഞ്ചാരം. ചായയ്ക്കും ചെറുകടിക്കും ആവശ്യക്കാരെത്തി. സഹായിക്കാൻ ഒപ്പം മകൾ ഉഷയും മരുമകൻ മുരളിയുമുണ്ട്.

മോഹന പറയുന്നു;

‘‘ഞാൻ കരഞ്ഞിരിക്കുന്നത് ചേട്ടന് ഇഷ്ടപ്പെടില്ല. ചിരിക്കുന്നതാണ് എ പ്പോഴും ഇഷ്ടം. ജീവിതം മുഴുവൻ ഓർക്കാനുള്ള ഓർമകൾ തന്നിട്ടല്ലേ പോയത്. പിന്നെ, ഞാൻ എന്തിനു കരയണം? പറയാതെ എവിടെയോ യാത്ര പോയി എന്നാണ് എനിക്ക് തോന്നുന്നത്. കാൻസറിനെ വിജയേട്ടൻ ഭയപ്പെട്ടിരുന്നില്ല. പറഞ്ഞു വച്ചതൊക്കെ എനിക്ക് ചെയ്യണം. ചേട്ടൻ കണ്ട സ്വപ്നങ്ങളിലൂടെ എന്നെക്കൊണ്ടാകുംപോലെ മുന്നോട്ടു പോകണം. അതിന് കട തുറന്നേ പറ്റൂ. ഇവിടുന്നാണ് ഞങ്ങൾ എല്ലാം തുടങ്ങിയത്.’

‘‘ഇനി ഏഴു ജന്മമുണ്ടെങ്കിലും ഈ മനുഷ്യനെ തന്നെ ഭർത്താവായി കിട്ടണം’. കണ്ണുള്ളപ്പോൾ കാണുക, ആരോഗ്യമുള്ളപ്പോ ആസ്വദിക്കുക’ അതായിരുന്നു ചേട്ടൻ ജീവിതം കൊണ്ട് പഠിപ്പിക്കാൻ ശ്രമിച്ച പാഠം. എന്തിനും ലക്ഷ്യം വേണം. ഉറച്ച മനസ്സ് വേണം. ചേട്ടന് അതുണ്ടായിരുന്നു. തീരെ ചെറുപ്പം മുതലേ യാത്രയാണ് ഇഷ്ടം. ഒൻപത് വയസ്സിൽ ശബരിമലയ്ക്ക് പോയി തുടങ്ങിയ യാത്രയാണ്…

ആളുകൾ പല തരത്തിലല്ലേ. പലരും പണം സൂക്ഷിച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. നാളെ എന്തു ചെയ്യും എന്നോർത്ത് വേവലാതിപ്പെട്ട് ഇന്നിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. വിജയേട്ടൻ നാളയെ പറ്റി ചിന്തിക്കാറില്ല. ഇന്നിൽ ജീവിച്ച മനുഷ്യൻ! രാജ്യം കാണുക എന്നതായിരുന്നു ഏറ്റവും വല്യ മോ ഹം. ഓരോ നാടും കാണണം. ആളുകളെ പരിചയപ്പെടണം. അവിടത്തെ രീതികൾ അറിയണം. ഒരു രാജ്യം കണ്ടിരിക്കെ അടുത്ത യാത്ര പ്ലാൻ ചെയ്യും.

പ്ലാനിട്ടാൽ പിന്നെ, അത് നടത്താനുള്ള ശ്രമമാണ്. പുതിയ ട്രിപ് പാക്കേജ് വരുമ്പോൾ ട്രാവൽസ് പലരും വിളിക്കും. ‘‘ബാലാജി ചേട്ടാ (കടയുടെ പേരു ചേർത്താണ് മിക്കവരും വിളിക്കാറ്) ദേ, ഇങ്ങനൊരു ട്രിപ് വരുന്നുണ്ട്… വരാൻ താൽപര്യമുണ്ടോ’ എന്നൊക്കെ. ‘ഞങ്ങൾ തയാറാണ്’ എന്നും പറഞ്ഞ് ബുക്ക് ചെയ്യും. ബുക്കിങ് കഴിഞ്ഞാണ് എന്നോട് പറയുന്നത്.

അവസാനം റഷ്യയിൽ പോയപ്പോൾ കുറച്ച് കഷ്ടപ്പെട്ടു. മുൻപത്തെ അസുഖത്തിൽ (കാൻസർ) നിന്ന് ഒരു കൊല്ലം മുൻപേ രക്ഷപ്പെട്ടതാണ്. എങ്കിലും എല്ലാ മാസവും ചെക്കപ്പിനു പോകും. ‘തണുപ്പ് താങ്ങാൻ കഴിയുമോ? അടുത്ത വർഷം പോയാൽ പോരേ?’ ചെക്കപ്പിനു ചെന്നപ്പോൾ ഡോക്ടർ ചോദിച്ചു. ‘അടുത്ത കൊല്ലം ഞാനില്ലെങ്കിലോ…

എനിക്ക് പോയേ തീരൂ’ എന്ന് കടുംപിടുത്തം പറഞ്ഞു. റഷ്യ കണ്ടിരിക്കെ തന്നെ ജപ്പാൻ യാത്ര മനസ്സിൽ കയറിയിരുന്നു. ഒരുമിച്ചുള്ള ആ യാത്ര നടന്നില്ല. പക്ഷേ, ആ സ്വപ്നം എനിക്ക് സാധിച്ചെടുക്കണം. ചേട്ടൻ എന്റെ ഒപ്പമുണ്ടാകും.

Exit mobile version