ആലപ്പുഴ: വിവാഹാവശ്യങ്ങൾക്കായുള്ള വായ്പ ഒപ്പിന്റെ പേരിൽ അനിശ്ചിതത്വത്തിലായതോടെ കല്യാണം മുടങ്ങുമെന്ന് ഭയന്ന യുവതിക്ക് കൈത്താങ്ങായി മന്ത്രി കെ രാധാകൃഷ്ണന്റെ കൈത്താങ്ങ്. ഷാജിതയെന്ന യുവതിക്കാണ് മന്ത്രി കെ രാധാകൃഷ്ണന്റെ അതിവേഗ ഇടപെടലിൽ മാംഗല്യഭാഗ്യം ഒരുങ്ങിയത്. കായംകുളം പത്തിയൂർ കിഴക്ക് കോയിക്കലേത്ത് തെക്കതിൽ ബാബു-ജയമോൾ ദമ്പതികളുടെ മകൾ ഷാജിതയുടെ വിവാഹമാണ് പിതാവ് ബാബുവിന്റെ അസുഖം മുടങ്ങുമെന്ന സാഹചര്യത്തിലെത്തിയത്.
ചെട്ടികുളങ്ങര കൈതതെക്ക് പല്ലാരിമംഗലത്ത് ശ്യാംരാജുമായി ഷാജിതയുടെ വിവാഹം ഉറപ്പിച്ചിരുന്നു. മകളുടെ വിവാഹാവശ്യത്തിനായി ബാബു പട്ടികജാതി വികസന കോർപറേഷനിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വായ്പ അനുവദിച്ച് അറിയിപ്പ് വന്ന ദിവസം ബാബുവിന് ഉദരസംബന്ധമായ അസുഖം കൂടി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപേക്ഷകന്റെ ഒപ്പില്ലാതെ വായ്പ നൽകാനാവില്ലെന്ന് പട്ടികജാതി കോർപറേഷനിൽ നിന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാർ വാർഡ് മെംബർ കൂടിയായ പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പനെ സമീപിച്ചു. മനുവിന്റെ നേതൃത്വത്തിൽ പട്ടികജാതി വികസന മന്ത്രി കെ രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് അതിവേഗത്തിലാണ് എല്ലാം നടന്നത്.
മന്ത്രി നേരിട്ട് പട്ടികജാതി വികസന കോർപറേഷൻ ചെയർമാനെ വിളിച്ച് വീട്ടുകാർക്ക് വായ്പത്തുക അടിയന്തരമായി എത്തിക്കാൻ നിർദേശിച്ചു. ഓഫീസ് അവധിയായിരുന്ന ദിവസമായിട്ടും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഫയൽ എടുത്ത് കോട്ടയത്ത് ആശുപത്രിയിൽ എത്തി ബാബുവിന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അന്ന് തന്നെ വീട്ടുകാർക്ക് പണം കൈമാറുകയായിരുന്നു. തുടർന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ പത്തിയൂർ ക്ഷേത്രത്തിൽ ഷാജിതയും ശ്യാംരാജും വിവാഹിതരായി.
ഒടുവിൽ നീണ്ട ആശുപത്രി വാസത്തിന് ശേഷം വ്യാഴാഴ്ച ബാബു വീട്ടിലെത്തി. ഏക മകളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായില്ലെങ്കിലും നിശ്ചയിച്ച വിവാഹം മനോഹരമായി നടന്നതിന്റെ സന്തോഷം മാത്രം മതിയെന്നാണ് ബാബുവിന്റെ പ്രതികരണം.
Discussion about this post