കൊച്ചി: നടന്‍ ദിലീപ് ആലുവ സബ് ജയിലിലായിരുന്ന സമയത്ത് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ജയില്‍ ഡിജിപി ആയിരിക്കെ തനിയ്‌ക്കെതിരെ അപവാദ പ്രചരണം വന്ന ശേഷമാണ് അങ്ങനെ ചെയ്ത് നല്‍കിയതെന്നും ശ്രീലേഖ വ്യക്തമാക്കി. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിലായിരുന്നു ശ്രീലേഖയുടെ തുറന്നുപറച്ചില്‍.
ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിനു ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.
സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്നു തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. വെറും തറയില്‍ മൂന്നു നാലു ജയില്‍വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണു പോയി.
എനിക്കു പെട്ടെന്നു മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി.
സാധാരണ തടവുകാരനാണെങ്കിലും ഞാന്‍ അതു ചെയ്യും. മൂന്നാംമുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.