ബത്തേരി: ഒരു ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ കടുവക്കുഞ്ഞ് അമ്മത്തണലിലേക്ക് അണഞ്ഞു. കഴിഞ്ഞ ദിവസം മന്ദംകൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയില്‍ വീണ 6 മാസം പ്രായമുള്ള പെണ്കടുവക്കുഞ്ഞാണ് അമ്മയുടെ സുരക്ഷിതത്വത്തിലേക്ക് എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ വനപാലകര്‍ തള്ളക്കടുവ എത്തിയ വനമേഖലയിലേക്ക് തുറന്നു വിടുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയിലാണ് കടുവ കുഞ്ഞ് ജനവാസ കേന്ദ്രത്തിലെ കുഴിയില്‍ വീണത്. ഇന്നലെ രാവിലെ വനപാലക സംഘമെത്തി മയക്കുവെടി വച്ച് വലയിലാക്കി രക്ഷിക്കുകയും വൈകുന്നേരത്തോടെ സമീപത്തുള്ള വനമേഖലയിലെ കൂട്ടില്‍ എത്തിക്കുകയുമായിരുന്നു.
കടുവക്കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞു കൊണ്ടേയിരുന്നു. കാട്ടില്‍ നിന്ന് മുരള്‍ച്ചയോടെ മറുപടിയുമെത്തി. ആ നിമിഷം വനപാലകര്‍ കുട്ടിക്കടുവയുടെ കൂട് തുറന്നു. പുറത്തിറങ്ങിയ കടുവക്കുഞ്ഞ് അമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അമ്മയുടെയും കുട്ടിയുടെയും മാറിമാറിയുള്ള മുരള്‍ച്ചയായി പിന്നെ. അമ്മയുടെ സുരക്ഷിതത്വത്തില്‍ കടുവക്കുഞ്ഞ് എത്തിയെന്നുറപ്പിച്ച് ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ വനപാലക സംഘം സംതൃപ്തിയോടെ മടങ്ങി.
വീണ കുഴിയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി വനത്തിലാണ് തുറന്നുവിട്ടത്. വൈകിട്ടു മുതല്‍ രാത്രി മുഴുവന്‍ തള്ളക്കടുവയുടെ വരവിനായി വനപാലകര്‍ കാത്തു. പുലര്‍ച്ചെ മൂന്നരയോടെ പ്രദേശത്തെ വനത്തില്‍ നിന്ന് തള്ളക്കടുവയെത്തി. ശബ്ദം തുടര്‍ച്ചയായി കേട്ടതോടെ വനപാലകര്‍ കൂടു തുറന്നു വിടുകയായിരുന്നു. തള്ളക്കടുവയുടെയും കുഞ്ഞിന്റെയും സഞ്ചാരം നിരീക്ഷിക്കാനായി വനത്തില്‍ 20 ക്യാമറകള്‍ ഇന്നലെ വനം വകുപ്പ് പ്രത്യേകമായി സ്ഥാപിച്ചു.
Discussion about this post