കൊച്ചി: കേരള പോലീസിൽ വനിതാ ഉദ്യോഗസ്ഥർക്ക് ലൈംഗിക ചൂഷണമടക്കം നേരിടേണ്ടി വരുന്നെന്ന് മുൻഡിജിപി ആർ ശ്രീലേഖ. വനിതാ ഉദ്യോഗസ്ഥരെ പലപ്പോഴും മേലധികാരികൾ ലൈംഗികചൂഷണത്തിനിരയാക്കുന്നുവെന്നാണ് സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നത്. പുരുഷമേധാവിത്വം നിറഞ്ഞുനിൽക്കുന്ന സർവീസിൽ നിന്നും വിവേചനവും മാനസികപീഡനവും സഹിക്കാനാവാതെ ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നും ശ്രീലേഖ വെളിപ്പെടുത്തി.
കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. പോലീസ് സേനയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശ്രീലേഖ ഉന്നയിക്കുന്നത്. സേനയിലെ വനിതാ ഓഫിസർമാർ നേരിടുന്നത് നിരവധി സമ്മർദ്ദങ്ങളാണ്. ഒരു ഡിഐജി പോലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിത എസ്ഐയെ അങ്ങോട്ടു വിളിപ്പിക്കും. അവർ പേടിച്ച് എന്റെയടുത്തു വന്നു. ‘അവർ ഇന്നു വരുന്നില്ല’ എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്കു കാര്യം മനസ്സിലായി. മുൻപും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്.- ശ്രീലേഖ സർവീസിലിരിക്കെ നടന്ന ദുരനുഭവം വെളിപ്പെടുത്തുന്നു.
സ്ത്രീയായതു കൊണ്ടുമാത്രം എനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പോലീസ് ഓഫീസർമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു. രാഷ്ട്രീയ പിൻബലമുള്ള പോലീസ് ഓഫീസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാമെന്നാണ് കീഴ്വഴക്കമെന്നും അവർ വിമർശിച്ചു.
രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും അനുസരണയുള്ള പോലീസ് ഉദ്യോഗസ്ഥരയെയാണ് ആവശ്യം. അവരുടെ അഴിമതി ഭരണകർത്താക്കളുടെ ആശങ്കയല്ലെന്നും ശ്രീലേഖയുടെ വെളിപ്പെടുത്തലിലുണ്ട്.
‘ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫീസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. ‘ഇയാൾ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും’ എന്നാണു അന്ന് മുഖ്യമന്ത്രി പറഞ്ഞത് – ശ്രീലേഖ പറഞ്ഞു.
Discussion about this post