നെയ്യാറ്റിൻകര; വർഷങ്ങളായി വയറുവേദന, കയറിയിറങ്ങാത്ത ആശുപത്രി പടികളില്ല.. കാണാത്ത ഡോക്ടർമാരില്ല. വർഷങ്ങളായി വേദന തിന്ന് ജീവിക്കുകയാണ് മാരായമുട്ടം തത്തിയൂർ നിരപ്പിൽ ഗോവിന്ദത്തിൽ ഭദ്ര. 14 വയസ് മാത്രമാണ് ഭദ്രയുടെ പ്രായം. ഈ കുറഞ്ഞ നാളിലാണ് മനുഷ്യായുസിന് സഹിക്കാനാവാത്തതിലും അപ്പുറം വേദന ഈ ബാലിക അനുഭവിക്കുന്നത്.
ഇപ്പോൾ തന്റെ വേദന മറന്ന് മറ്റുള്ളവർ അനുഭവിക്കുന്ന വേദനകളെ ഓർക്കുകയാണ് ഭദ്ര. കാൻസർ രോഗികൾക്കായി ഇപ്പോൾ തന്റെ മുടി മുറിച്ച് നൽകിയിരിക്കുകയാണ് ഭദ്ര. ദുരിതം അനുഭവിക്കുന്ന സമപ്രായക്കാർക്ക് വേണ്ടിയാണ് ഭദ്ര മുടി മുറിച്ചത്. മണികണ്ഠന്റെയും ശ്രീകലയുടെയും ഏകമകളാണ്. ഡോക്ടർ ആകണമെന്നതും സുരേഷ് ഗോപിയെ നേരിൽ കാണണമെന്നതുമാണ് ഭദ്രയുടെ രണ്ട് ആഗ്രഹങ്ങൾ.
മകളുടെ ഈ ആഗ്രഹത്തിന് മുൻപിൽ ഒരു പുഞ്ചി തൂകി നിൽക്കാനേ ഈ പിതാവിന് സാധിക്കുന്നൊള്ളൂ. അമരവിള എൽഎംഎസ് ഹൈസ്‌കൂളിൽ പഠിക്കുന്ന ഭദ്ര കുട്ടിക്കാലം മുതലേ രോഗിയാണ്. രോഗത്തിന്റെ യഥാർഥ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനാവത്തത് കുടുംബത്തിന് തീരാവേദനയാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗത്തിൽ ചികിത്സയിലാണ്.
മെഡിക്കൽ ബോർഡ് ചേർന്ന് ശസ്ത്രക്രിയ വിധിച്ചെങ്കിലും കൃത്യമായി അസുഖം കണ്ടെത്താൻ കഴിയാത്തത്തതിനാൽ അതും മാറ്റിവച്ചു. ചികിത്സയും പഠനവും ആയി മുന്നോട്ടു പോകുന്നതിനിടെയാണ് ഭദ്ര അർബുദ രോഗികൾക്ക് വേണ്ടി മുടി നൽകാൻ സന്നദ്ധയായത്. തന്നെക്കാൾ വേദന അനുഭവിക്കുന്ന പെൺകുട്ടിക്ക് സന്തോഷം നൽകാൻ കഴിഞ്ഞതിലുള്ള തൃപ്തി ഭദ്രയ്ക്കുള്ളത്.