മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ചിത്രം ‘ആറാട്ട്’ ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് വിമർശനവും പ്രശംസയും ഒരുപോലെ ലഭിക്കുന്നുണ്ട്. അതേസമയം വിമർശിക്കുന്നവർ കറാച്ചിക്കാരാണെന്നും പാകിസ്ഥാനികളാണെന്നുമുള്ള പരാമർശങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.
വിമർശിക്കുന്നവരുടെ മതം തിരയുന്ന പ്രവണതക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓർത്തേയില്ലെന്നും എന്നാൽ സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകൾ ഇന്ന് വിഷം ചീറ്റുന്ന മത വർഗീയ വാദികളാണെന്നും രാഹുൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
രാഹുൽ മങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
‘നീ പോ മോനെ ദിനേശാ’ എന്ന് കേട്ടപ്പോഴും ‘തള്ളേ കലിപ്പ് തീരണില്ലല്ലാ” എന്ന് കേട്ടപ്പോഴും കയ്യടിച്ചവർ വരെ പിന്നീട് ആ സിനിമയിലെ പൊളിറ്റിക്കൽ കറക്ടനെസ്സിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് കാഴ്ചപ്പാടിന്റെയും ചിന്തയുടെയും വിശാലതയായും, നാം സ്വയം വളർന്നതിന്റെ തെളിവായും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
എന്നാൽ മലയാള സിനിമയിൽ അഭ്രപാളിയുടെ രണ്ടറ്റങ്ങളെയും അഭിരുചിയുടെ വൈവിധ്യങ്ങളെയും തങ്ങളോടൊപ്പം ചേർത്ത് നിർത്തിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓർത്തേയില്ല. എന്നാൽ കാലം മാറി കഥ മാറി, സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകൾ ഇന്ന് വിഷം ചീറ്റുന്ന മത വർഗീയ വാദികളാണ്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാൽ അവരുടെ മതത്തെ ചേർത്ത് കെട്ടി വിമർശിച്ചും ചേർത്തു പിടിച്ചും പ്രതികരിക്കുന്നവർ സിനിമയുടെ കഥാ ഭാവനയിൽ വിഷം പുരട്ടുമ്പോൾ ജനകീയ കലയിൽ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നത്.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ് എന്നിവരുൾപ്പെടെ നിരവധി മലയാളതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു
Discussion about this post