കൊല്ലം: ടൗണിൽ ഒരു ബസും ബൈക്കും കൂട്ടിയിടിച്ചു, ആർക്കും ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.. ആ തിക്കിലും തിരക്കിൽ നിന്നും മാറി രണ്ടുപേർ ഓട്ടോ പിടിച്ചു. വണ്ടിയിൽ കയറിയ അവർ പറഞ്ഞു, മരിച്ചത് ഒരു കോളേജ് വിദ്യാർത്ഥിയാണെന്ന്. ആ വാക്കുകൾ കേട്ടപ്പാടെ ബാബുരാജിന്റെ മനസിൽ തീകോരിയിട്ട അനുഭവമായിരുന്നു. മകൻ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കിൽ പോയത് എന്ന ചിന്തയായതോടെ ആകെയൊരു വെപ്രാളം.
തിരിച്ച് സ്റ്റാൻഡിലെത്തിയപ്പോൾ അടുത്ത കൂട്ടുകാർ നിറകണ്ണുകളുമായി നിൽക്കുന്നു. ഇതോടെ ആ ദാരുണ മരണം സംഭവിച്ചത് തന്റെ മകൻ 24കാരനായ രാഹുൽ ആണെന്ന് ആ പിതാവ് വേദനയോടെ തിരിച്ചറിഞ്ഞു. തൊട്ടടുത്തുണ്ടായിട്ടും റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന മകനെ അറിയാതെ പോയതിന്റെ നെഞ്ചു നീറ്റത്തിലാണ് ഇന്ന് ബാബുരാജ്.
നഗരത്തിൽ മുളങ്കാടകത്തിനു സമീപം അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് രാമൻകുളങ്ങര വരമ്പേൽക്കട മില്ലേനിയം നഗർ 55 കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ബി.ബാബുരാജ്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസാണ് രാഹുലിന്റെ ജീവനെടുത്തത്. ഓട്ടോ സ്റ്റാൻഡിന്റെ തൊട്ടടുത്തു വച്ചാണ് ഇന്നലെ രാവിലെ വാഹനാപകടത്തിൽ മരിച്ചത്. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന സ്വകാര്യബസ് രാഹുൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ചെറിയ അപകടമെന്തോ നടന്നുവെന്നേ ആ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ബാബു കരുതിയുള്ളൂ. എന്നാൽ അത് തന്റെ മകന്റെ ജീവനെടുത്ത അപകടമാണെന്ന് വൈകിയാണ് ബാബുരാജ് അറിഞ്ഞത്. അപകടമുണ്ടായി അഞ്ചു മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ വണ്ടി ലഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.
എംകോം പൂർത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരീക്ഷയ്ക്കു പരിശീലനവും നടത്തിവരികയായിരുന്ന രാഹുൽ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണു താമസം. രാഹുലിന്റെ അമ്മ: സിന്ധു. സഹോദരൻ: രാജേഷ്. രാഹുലിനെ ഇടിച്ചിട്ട സ്വകാര്യബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടിക്കളഞ്ഞു. ഇയാൾക്കു വേണ്ടി അന്വേഷണം നടത്തി വരികയാണ്. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.