ആത്മാര്‍ഥ സേവനത്തിന് നന്ദി: ജീവനക്കാര്‍ക്ക് 3.75 കോടി രൂപ സമ്മാനിച്ച് മലയാളി സിഇഒ

കൊച്ചി: ജീവനക്കാര്‍ക്ക് വമ്പന്‍ സമ്മാനമൊരുക്കി മലയാളിയുടെ ടെക് കമ്പനി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ ലിയോ മാവേലിയുടെ മെഡിക്കല്‍ ടെക് കമ്പനിയായ ‘ആക്സിയോ ബയോ സൊലൂഷന്‍സ്’ ആണ് ജീവനക്കാര്‍ക്ക് 3.75 കോടി രൂപ സമ്മാനിച്ചിരിക്കുന്നത്.

എംപ്ലോയീസ് സ്റ്റോക് ഓപ്ഷന്‍ (ഇസോപ്) പദ്ധതി പ്രകാരമാണ് ജീവനക്കാര്‍ക്ക് ഓഹരികള്‍ക്ക് പകരമായി 3.75 കോടി രൂപ സമ്മാനിച്ചിരിക്കുന്നത്. ബൈ-ബാക്ക് പദ്ധതി പ്രകാരമാണ് ഇത്. കഴിഞ്ഞ വര്‍ഷം കമ്പനി 45 കോടി രൂപയുടെ ഫണ്ടിങ് നേടിയിരുന്നു. ഇതില്‍ നിന്നാണ് ബൈ-ബാക്കിനായുള്ള പണം കണ്ടെത്തിയത്.

കമ്പനിക്ക് 140-ഓളം ജീവനക്കാരാണുള്ളത്. അതില്‍ ഏതാണ്ട് 40-50 ശതമാനം പേര്‍ക്കും ഇസോപ് പദ്ധതി പ്രകാരം കമ്പനിയുടെ തന്നെ ഓഹരികള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ഏഴു ശതമാനം ഓഹരികളാണ് ഇത്തരത്തില്‍ ജീവനക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.

ഇത് രണ്ടാം തവണയാണ് ജീവനക്കാര്‍ക്ക് ബൈ-ബാക്ക് അവസരം ലഭിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് കമ്പനിയിലെ നിക്ഷേപകര്‍ ജീവനക്കാരില്‍ നിന്ന് ഓഹരികള്‍ വാങ്ങിയിരുന്നു. അന്ന് ഏഴു കോടി രൂപയാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.

മെഡ്ടെക് കമ്പനികളില്‍ അപൂര്‍വമാണ് ജീവനക്കാര്‍ക്കുള്ള ഓഹരിയും ബൈബാക്കുമൊക്കെ. ജീവനക്കാരോടുള്ള നന്ദി സൂചകമാണ് ഇത്തരത്തിലുള്ള സമ്മാനങ്ങളെന്ന് ആക്സിയോ ബയോ സൊലൂഷന്‍സ് സ്ഥാപകനും സിഇഒയുമായ ലിയോ മാവേലി പറഞ്ഞു.

Exit mobile version