തൃശ്ശൂർ: അതീവരഹസ്യമായി വ്യാജമായി ചാരായം വാറ്റിയിരുന്ന കേന്ദ്രം പോലീസ് വളഞ്ഞതോടെ അയൽക്കാർക്ക് വരെ ഞെട്ടൽ. തങ്ങളുടെ തൊട്ടടുതത് ഇത്തരത്തിലൊരു വാറ്റ് കേന്ദ്രം പ്രവർത്തിക്കുന്നത് തൊട്ടടുത്ത വീട്ടിലുള്ളവർക്ക് പോലും അറിവുണ്ടായിരുന്നില്ല.
തൃശൂർ അന്നമനടയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് കേന്ദ്രം നടത്തിയ യുവാവിനെ പോലീസ് തിരയുകയാണ്. വാറ്റു കേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാറാണ് പിടിയിലാകാനുള്ളത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രധാന പാതയ്ക്ക് അരികിലായുള്ള വീട്ടിൽ ഇയാൾ വാറ്റുകേന്ദ്രം നടത്തിയത്. ”
കല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള പഴയ വീട് സുനിൽ കുമാർ വാടകയ്ക്ക് എടുത്തത് രണ്ടു വർഷം മുൻപാണ്. കുടുംബത്തോടൊപ്പം ഇവിടെ തന്നെയാണ് താമസം. രണ്ട് വർഷമായി വീട്ടിൽ വൻതോതിൽ വാറ്റുചാരായം ഉണ്ടാക്കുന്നുമുണ്ട്. എന്നാൽ അയൽവാസികളടക്കം ആർക്കും സൂചന ലഭിച്ചിരുന്നില്ല.
ഇക്കാര്യം പുറത്തറിയാതിരിക്കാനായി സുനിൽ കുമാർ ആവശ്യമായ മുൻകരുതലൊരുക്കിയാണ് വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു. ഇടപാടുകാരെ ഒരാളെ പോലും വീടിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആവശ്യക്കാർക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.
എന്നാൽ ഇതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നേരിട്ട് നടത്തിയ പരിശോധനയിലാണ് വൻതോതിലുല്ള വാറ്റ് കേന്ദ്രം പൊളിഞ്ഞത്. പരിശോധനാ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
പക്ഷെ, വിൽക്കാൻ വെച്ചിരുന്ന മൂന്നര ലിറ്റർ വാറ്റ് ചാരായവും 500 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വാറ്റ് വിതരണത്തിനായി 2 ചാക്ക് നിറയെ പ്ലാസ്റ്റിക് കുപ്പികൾ ഇയാൾ ശേഖരിച്ചുവച്ചിരുന്നു. വീട്ടിൽ പോലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വാറ്റ് കേന്ദ്രത്തെ കുറിച്ച് അറിയുന്നത്. റെയ്ഡ് വിവരം അറിഞ്ഞ സുനിൽ കുമാർ മുങ്ങി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post