തൊടുപുഴ: പിതാവ് ഓടിച്ച കാർ ഇടിച്ച് 10 വയസുകാരന് ദാരുണാന്ത്യം. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞു കൊടുക്കുന്നതിനിടെയാണ് കാർ ഇടിച്ചു കയറി അപകടമുണ്ടായത്. പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ മുഹമ്മദ് സാജിദിനെ ഇടിച്ച് തൊട്ടടുത്തുള്ള പേരമരത്തിനിടയിൽ ഞെരുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11.15ന് ഇവരുടെ വീടിനു സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്. ഓട്ടോ ഡ്രൈവറായ റിജിൽ അടുത്തിടെയാണ് കാർ വാങ്ങിയത്. ഇന്ന് മകന്റെ നഷ്ടത്തിൽ ചങ്ക് തകർന്നിരിക്കുകയാണ് കുടുംബം. പുതിയ കാർ തന്റെ മകന്റെ ജീവൻ എടുത്തതിന്റെ ആഘാതത്തിലാണ് ഇവർ. കാർ ഒതുക്കിയിടുന്നതിനു സാജിദ് അരിക് പറഞ്ഞു കൊടുക്കുന്നതിനിടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിച്ച് പേരമരത്തോടു ചേർന്ന് ഇടിക്കുകയായിരുന്നെന്ന് കരിമണ്ണൂർ പൊലീസ് പറഞ്ഞു.
റിജിലിന്റെ ഡ്രൈവിങ് പരിചയക്കുറവാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഉടൻ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മുഹമ്മദ് സാജിദിനെ രക്ഷിക്കാനായില്ല. മാതാവ്: ഹസീന. മുഹമ്മദ് സാജിദ് കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം നടത്തി.
Discussion about this post