സൈബർ ലോകത്ത് സ്ത്രീകൾക്ക് എതിരെ നടക്കുന്ന അധിക്ഷേപങ്ങളേയും വ്യക്തി ഹത്യകളേയും വിമർശിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. തെറി പറയുന്നവർക്കാണ് പാർട്ടികൾ, ഗ്രൂപ്പുകൾ, വിഭാഗീയതൾ ഒക്കെയുള്ളത്. അവർക്കാണ് അഭിമാനമോ അന്തസ്സോ ഇല്ലാത്തതെന്നും ഏകയും തന്റേടിയും നിർഭയയും അഭിപ്രായം പറയുന്നവളുമായ പെണ്ണുങ്ങളെ തെറിവിളിക്കുന്നവരാണ് എല്ലാ സംഘങ്ങളുമെന്നും ശാരദക്കുട്ടി കുറിക്കുന്നു.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിന് നേരെ നടക്കുന്ന സോഷ്യൽമീഡിയ ആക്രമണത്തെ ശാരദക്കുട്ടി അപലപിച്ചിരുന്നു. ആ പോസ്റ്റിന് നേരെ ഉയർന്ന വിമർശനങ്ങൾക്കാണ് എഴുത്തുകാരി മറുപടി നൽകുന്നത്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഏകയായ പെണ്ണ്, ഏകയും തന്റേടിയുമായ പെണ്ണ്, ഏകയും തന്റേടിയും നിർഭയയും അഭിപ്രായം പറയുന്നവളുമായ പെണ്ണ് … തെറി കേൾക്കാൻ ക്വാളിഫിക്കേഷൻ ഇത്രേയുള്ളു. മികച്ച ക്വാളിഫിക്കേഷനാണത്. തെറി പറയുന്നവർക്കാണ് പാർട്ടികൾ, ഗ്രൂപ്പുകൾ, വിഭാഗീയതകൾ ഒക്കെയുള്ളത്. അവർക്കാണ് അഭിമാനമോ അന്തസ്സോ ഇല്ലാത്തത് .
അതുകൊണ്ട് , CPM ലെ പെണ്ണ്, BJP യിലെ പെണ്ണ്, മുസ്ലിം ലീഗിലെ പെണ്ണ്, കോൺഗ്രസിലെ പെണ്ണ്, സിനിമയിലെ പെണ്ണ്, ചാനലിലെ പെണ്ണ്, ഭാര്യാപ്പെണ്ണ്, വേശ്യാപ്പെണ്ണ്, കന്യാപ്പെണ്ണ് എന്നൊന്നും തരം തിരിക്കണ്ട .
മിണ്ടുന്ന പെണ്ണ്, തല ഉയർത്തുന്ന പെണ്ണ്, നെഞ്ചുവിരിക്കുന്ന പെണ്ണ്, കൂസലില്ലാത്ത പെണ്ണ്, വിജയിക്കുന്ന പെണ്ണ് എന്നൊക്കെ പറഞ്ഞാൽ മതി. അവരെല്ലാം മേൽ പറഞ്ഞ പാർട്ടി വിഭാഗങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് അധിക്ഷേപിക്കപ്പെടും.
അതുകൊണ്ട് , ആര്യാ രാജേന്ദ്രനെ പറഞ്ഞപ്പോൾ മിണ്ടിയില്ല , സുനിതാ ദേവദാസിനെ പറഞ്ഞപ്പോൾ മിണ്ടിയില്ല, ബിന്ദു കൃഷ്ണയെ പറഞ്ഞപ്പോൾ മിണ്ടിയില്ല , കെ.കെ. രമയെ പറഞ്ഞപ്പോൾ മിണ്ടിയില്ല എന്നു തരം തിരിക്കുന്നവരോടാണ് പറയുന്നത്. ഞങ്ങൾക്കല്ല, നിങ്ങളുടെ സംഘങ്ങൾക്കാണ് വകതിരിവില്ലാത്തത് .
പല്ലു തേക്കുകയോ നാക്കു വടിക്കുകയോ കണ്ണാടി നോക്കുകയോ ചെയ്യാത്തവരേ , വിസർജ്ജനവും വമനവും മാത്രം പരിശീലിച്ച മൂട്ടകളേ, ഈച്ചകളേ, കൃമികളേ, വിഷപ്പുഴുക്കളേ
നിങ്ങളാണ് തരം തിരിച്ചു തെറി പറയുന്നത്.
നിങ്ങളുടെ സംഘങ്ങൾ വാരിയെറിയുന്ന ലൈംഗിക മാലിന്യങ്ങളാണ് , കാറ്റ് എതിർദിശയിലായതിനാൽ നിങ്ങളുടെ മുഖത്തു തന്നെ വന്നു വീഴുന്നത്.
ഏതു പാർട്ടിയിലെ ആയാലും, പെൺകുട്ടികൾക്ക് ഒരുപാട് തിരക്കുണ്ട് . വേറെ പണിയുണ്ട്. നിങ്ങൾ മഹാമെനക്കേടു തന്നെയാണ്. അശ്ലീലക്കൂമ്പാരമാണ്.