മട്ടാഞ്ചേരി: ചായക്കട നടത്തുന്ന പിതാവിനെ സഹായിക്കുന്നതിനോടൊപ്പം പഠനത്തിലും മികവ് കാണിച്ച എഡ്ന ജോൺസണിന് ഇനി പഠനം മുടങ്ങില്ല, കൈത്താങ്ങായി നാട്ടുകാരുടെ കൂട്ടായ്മയെത്തി. വാടകകെട്ടിടത്തിലെ ചായക്കടയോട് ചേർന്നുള്ള ചായ്പിൽ കഴിയുന്ന എഡ്നയ്ക്കും കുടുംബത്തിനും താങ്ങാനാവുന്നതായിരുന്നില്ല എംബിബിഎസ് എന്ന സ്വപ്നം. എന്നാൽ പഠനത്തിൽ മിടുക്കിയായ എഡ്ന മെറിറ്റിൽ സീറ്റ് നേടിയതോടെ കുടുംബം സന്തോഷിക്കാൻ പോലും മറന്ന് ആശങ്കയിലായി. സ്വപ്ന സാക്ഷാത്കാരത്തിനായി എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ അഞ്ചംഗ കുടുംബത്തിന്റെ ദുരിതമറിഞ്ഞ് സഹായം വാഗ്ദാനം ചെയ്ത് നാട്ടുകാരുടെ കൂട്ടായ്മ തന്നെ രംഗത്തെത്തുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജിലാണ് എഡ്നയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. പ്രവേശന ഫീസ് അടക്കമുള്ള കാര്യങ്ങൾക്കായി പണം കണ്ടെത്താൻ വിഷമിച്ച എഡ്നയ്ക്ക്, നല്ല നസ്രത്തുകാർ എന്ന വാട്സാപ് കൂട്ടായ്മ ഭാരവാഹികളായ ജോസഫ് ആന്റണി ഹെർട്ടിസും സമ്പത്ത് മാനുവലുമാണ് ആദ്യമായി സഹായവുമായി ഓടിയെത്തിയത്. സുമനസ്സുകളുടെ സഹായവും വാട്സാപ് കൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്.
ഇതിനിടെ, കോഴ്സ് തീരുന്നതു വരെയുള്ള ഫീസ് നൽകാമെന്ന വാഗ്ദാനവുമായി കൊച്ചിൻ വെസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ മുന്നോട്ടു വന്നിട്ടുണ്ട്. സംഘടനയുടെ ഭാരവാഹികളായ ഡോ. വിവേക് പ്രഭു, ഡോ.ജബീൽ, ഡോ.വി.ജി. ജോർജ് എന്നിവർ എഡ്നയെ സന്ദർശിച്ച് ഇക്കാര്യം അറിയിച്ചു.
എഡ്നയുടെ പിതാവ് പള്ളിപ്പറമ്പിൽ ജോൺസനും അമ്മ ബിന്ദുവും ഉൾപ്പടെയുള്ള കുടുംബവും ചായക്കട നടത്തിയാണ് കുടുംബം പുലർത്തുന്നത്. നസ്രത്ത് പള്ളിക്കു സമീപമുള്ള ഈ ചെറിയ ചായക്കടയോട് ചേർന്നുള്ള മുറിയിലാണ് എഡ്നയും 2 സഹോദരന്മാരും അടങ്ങുന്ന 5 അംഗ കുടുംബം താമസിക്കുന്നത്.
ALSO READ- ആ ചിരി മാഞ്ഞു! നടന് കോട്ടയം പ്രദീപ് അന്തരിച്ചു
വാൻ ഡ്രൈവറായിരുന്ന ജോൺസന് നട്ടെല്ലിനു തകരാറു സംഭവിച്ചതോടെ ഒരു വർഷം കിടന്ന കിടപ്പിലാകേണ്ടി വന്നു. കടം കയറി വണ്ടിയും നഷ്ടമായി. എഴുന്നേറ്റു നടക്കാൻ ആയതോടെയാണ് ഉന്തുവണ്ടിയിൽ ചായക്കച്ചവടം തുടങ്ങിയത്. ഓട്ടോ ഓടിച്ചിരുന്ന ബിന്ദുവും സഹായിയായി കൂടെ നിന്നു.
വാടക കൊടുക്കാൻ കഴിയാതായതോടെ വാടക വീട് ഒഴിയേണ്ടി വന്നതോടെയാണ് ചായക്കട നടത്താൻ മുറി നൽകിയ കടയുടമ അവിടെത്തന്നെ താമസിക്കാൻ അനുവാദം നൽകിയത്. പകൽ മാതാപിതാക്കൾക്ക് ഒപ്പം ചായക്കടയിൽ സഹായിക്കുന്ന എഡ്നയുടെ പഠനം രാത്രി ചായക്കട അടച്ചതിനു ശേഷമാണ്. ചായക്കട പ്രവർത്തിക്കുന്ന മുറി പിന്നീട് എഡ്നയുടെ പഠന മുറിയായി മാറും. കഷ്ടപ്പെട്ട് പഠിച്ചതിന് ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം.
Discussion about this post