കളമശ്ശേരിയില്‍ 400 കോടി രൂപയുടെ നിക്ഷേപം: ലുലു ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; ഒന്നരവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും

കൊച്ചി: കേരളത്തില്‍ 400 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്.
എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ് ഭക്ഷ്യ സംസ്‌കരണ കേന്ദ്രമായ ലുലു ഫുഡ് പാര്‍ക്ക് ആരംഭിക്കുക.

ദുബായില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഭക്ഷ്യ പ്രദര്‍ശനമായ ഗള്‍ഫുഡില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.

രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കേന്ദ്രം 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. ആദ്യഘട്ടത്തില്‍ 250 ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also:അങ്ങയെ പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാര്‍..! ‘തിലകന്‍ ചേട്ടന്റെ മകന്‍ വെഷമിക്കണ്ട, ഈ കടം ഞാന്‍ വീട്ടും’; വാക്ക് പാലിച്ച് സുരേഷ് ഗോപിയുടെ മധുര സമ്മാനമെത്തി

അരൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. 150 കോടി രൂപ മുതല്‍ മുടക്കുള്ള കേന്ദ്രം പൂര്‍ണ്ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്.

ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 1500 കോടി രൂപയുടെ പദ്ധതികളാണ് കേരളമടക്കം ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നതെന്നും എംഎ യൂസഫലി അറിയിച്ചു. ഗള്‍ഫുഡിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളും എംഎ യൂസഫലി പുറത്തിറക്കി

Exit mobile version