കാഞ്ഞിരപ്പള്ളി: പതിനെട്ട് ദിവസം നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനയ്ക്കും ഒടുവില്‍ കുഞ്ഞുകുട്ടന്‍ തിരിച്ചെത്തി. എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്‌സിയുടെ കാണാതായ കുഞ്ഞുകുട്ടന്‍ എന്ന പൂച്ചക്കുട്ടിയാണ് തിരികെ ലഭിച്ചത്.
കുഞ്ഞുകുട്ടനെന്ന് വിളിക്കുന്ന തന്റെ വളര്‍ത്തുപൂച്ചയെ തിരികെ ലഭിക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഡെയ്‌സി. പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികവും ഡെയ്‌സി കൈമാറി. പൂച്ചയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെനിന്നാണ് പൂച്ചയെ കണ്ടുകിട്ടിയത്.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തില്‍ മീറ്റ് ആന്‍ഡ് ചിക്കന്‍ സെന്റര്‍ ഉടമ കൂടിയായ ജോമോനാണ് കടയിലെത്തിയ പൂച്ചയെ കെണി വച്ച് പിടിച്ച് ഡെയ്‌സിക്ക് കൈമാറിയത്. പ്രഖ്യാപിച്ച പാരിതോഷിക തുകയായ അയ്യായിരം രൂപ ഡെയ്‌സി ഇവര്‍ക്ക് നല്‍കി.
കൃത്യമായ ഭക്ഷണം ലഭിക്കാത്തതിന്റെ ക്ഷീണമുണ്ടെങ്കിലും കുഞ്ഞുകുട്ടന്‍ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡെയ്‌സി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണുള്ളതെന്ന് ഡെയ്‌സി പറയുന്നു. വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ടതുപോലെയായിരുന്നു. കളിചിരികളുമായി ഇണങ്ങികഴിഞ്ഞിരുന്ന പൂച്ചക്കുട്ടിയെ ചികിത്സയ്ക്ക് ശേഷം കൂടെ കൊണ്ടുപോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡെയ്‌സി പറഞ്ഞു.
എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്‌സി കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിയില്‍ ജനുവരി 25-നാണ് ചികിത്സയ്ക്കായി എത്തിയത്. തന്റെ സന്തതസഹചാരിയായ പൂച്ചയെയും ഒപ്പം കൂട്ടിയിരുന്നു. ഫ്‌ളാറ്റില്‍ ഒപ്പം കഴിഞ്ഞിരുന്ന പൂച്ച ആദ്യമായിട്ടാണ് പുറത്തേക്കും ആളുകള്‍ക്കിടയിലേക്കും ഇറങ്ങുന്നത്. 26-ന് രാത്രിയോടെയാണ് കാണാതാകുന്നത്. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഒട്ടിച്ചിരുന്നു.
ഇതിനിടെ പോസ്റ്റര്‍കണ്ട് സാദൃശ്യം തോന്നിയ പൂച്ചയെ നാട്ടുകാര്‍ കൊണ്ടുവന്നെങ്കിലും കുഞ്ഞുകുട്ടനല്ലെന്ന് ഡെയ്‌സി സ്ഥിരീകരിച്ചു. ഗോള്‍ഡന്‍ വെള്ള നിറത്തിലുള്ള വരയുള്ളതാണ് പൂച്ച. ഓറഞ്ച് ക്യാറ്റ് എന്നറിയപ്പെടുന്ന റെഡ്റ്റാബി ഇനത്തില്‍പ്പെട്ടതാണ്. ഒന്നരവര്‍ഷം മുന്‍പ് സഹോദരിയാണ് പൂച്ചയെ ഡെയ്‌സിക്ക് സമ്മാനിക്കുന്നത്.