മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍; യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു, നടുങ്ങി ഒറ്റപ്പാലം

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസും നാടും. പിന്നാലെ പോലീസ് നടത്തിയ തിരച്ചിലില്‍ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

മോഷണക്കേസില്‍ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പോലീസിനോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി വെളിപ്പെടുത്തി. പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ലക്കിടി സ്വദേശിയായ കേളത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകനാണ് കൊല്ലപ്പെട്ട ആഷിക്ക്.

പോലീസ് ആവശ്യപ്പെട്ട പ്രകാരം ആഷിക്കിന്റെ പിതാവും സഹോദരനും ചിനത്തൂര്‍ അഴിക്കലപ്പറമ്പിലേക്ക് എത്തിയിരുന്നു. ആഷിക്കിന്റെ മൃതദേഹം ഇരുവരും തിരിച്ചറിഞ്ഞു. കൈയ്യിലെ ചരടും മോതിരവും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

2015-ല്‍ ഒരു മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസിലാണ് ഫിറോസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ ആണ് മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതും ആഷിക്കിനെ കൊല്ലപ്പെടുത്തിയതും ഫിറോസ് പറഞ്ഞത്. ഇതോടെ അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തേക്ക് എത്തുകയായിരുന്നു. തഹസില്‍ദാറും ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു,.

ഡിസംബര്‍ 17ന് പാലപ്പുറം മിലിട്ടറി പറമ്പില്‍ വച്ചാണ് ആഷിക്കും ഫിറോസും ചേര്‍ന്ന് മദ്യപിച്ചത്. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ആഷിക്ക് ഫിറോസിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ആഷിക്ക് കുത്തിയതോടെ താന്‍ കത്തി പിടിച്ചു വാങ്ങി ആഷിക്കിന്റെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് ഫിറോസ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സ്വന്തം പെട്ടി ഓട്ടോറിക്ഷയില്‍ അഴിക്കലപ്പറമ്പിലെത്തിച്ച് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ബാല്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിക്കും പിന്നീട് ഇരുവരും ലഹരിക്ക് അടിമകളാവുകയും ലഹരിക്കടത്തിലും മോഷണക്കേസിലും പ്രതികളാവുകയും ചെയ്തിരുന്നു. കാണാതായതിന് ശേഷവും ആഷിക്കിനെ അന്വേഷിച്ച് ഫിറോസ് ഇയാളുടെ വീട്ടിലെത്തിയിരുന്നു.

കൊലപാതകം സംബന്ധിച്ച് ഫിറോസിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് കൊലപാതക്തതില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് കൂടി പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Exit mobile version