തലയോലപ്പറമ്പ്: ശരീരം തളർന്ന് പാളത്തിൽ നിന്നും എഴുന്നേൽക്കാനാകാതെ മരണത്തെ മുൻപിൽ കണ്ട് കിടന്ന വിമുക്തഭടൻ വിജയന് പുതുജന്മം നൽകി കാൽനടയാത്രിക്കാരിയായ ഒരമ്മയും മകനും. പിറവം റോഡ് റെയിൽവേ സ്റ്റേഷനുസമീപം തിങ്കളാഴ്ച വൈകീട്ട് 4.33-നാണ് സംഭവം. വെള്ളൂർ പാലക്കായിൽ (ദേവീകൃപ) വിജയൻ നായർക്ക് (65)ആണ് വെള്ളൂർ ജങ്ഷനിലെ ജിജീസ് ബേക്കറി ഉടമ തോന്നല്ലൂർ കോനത്തു വീട്ടിൽ ജിൻസന്റെ ഭാര്യ സോണിയ(44)യും മകൻ ഏബലും(ഒൻപത്) രക്ഷകരായത്.
മിലിട്ടറി ജീവിതത്തിനിടെ ഉണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ഒരുവശം വിജയന് ഭാഗികമായി തളർന്നിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ വിജയൻ പാളത്തിലേയ്ക്ക് തന്നെ വീഴുകയായിരുന്നു. ഈസമയം ബേക്കറിയിൽനിന്ന് സോണിയയും മകനും തോന്നല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് സോമൻ നായർ പാളത്തിൽ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം ട്രെയിൻ അടുത്തേയ്ക്ക് എത്തുകയായിരുന്നു. ഉടൻ എഴുന്നേല്പിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നു.
ഐലൻഡ് എക്‌സ്പ്രസ് 150 മീറ്റർ അപ്പുറമുള്ള പിറവംറോഡ് റെയിൽവേ സ്റ്റേഷനിലെത്തിയത് കണ്ട സോണിയയും മകനും ഓടി വെള്ളൂർ കവലയിലെത്തി അവിടെയുണ്ടായിരുന്ന ആളുകളെ വിളിച്ചുവരുത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ശരീരം തളർന്ന് എഴുന്നേൽക്കാനാകാതെ കിടന്ന വിജയൻ നായർക്ക് ഇത് രണ്ടാജന്മം കൂടിയാണ്.
പാളത്തിൽനിന്ന് വിജയൻ നായരെ നീക്കി നിമിഷങ്ങൾക്കുള്ളിലാണ് ഐലൻഡ് എക്‌സ്പ്രസ് ട്രാക്കിലടെ കടന്നുപോയത്. അദ്ദേഹം വീണുകിടന്നിടത്തുനിന്ന് പിറവംറോഡ് ജങ്ഷനിലേക്ക് 150 മീറ്ററാണ് ദൂരം. ഇവർക്ക് സ്റ്റേഷനിൽ െട്രയിൻ നിർത്തിയിട്ടത് കാണാൻ കഴിയുമായിരുന്നു. സോണിയയുടെയും മകന്റെയും അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിജയൻ നായരും കുടുംബവും.
Discussion about this post