ആറ്റിങ്ങൽ: വാർദ്ധക്യത്തിലേയ്ക്ക് കടന്നാൽ ഒട്ടുമിക്ക മാതാപിതാക്കളും നേരിടുന്നതാണ് തങ്ങളുടെ സംരക്ഷണത്തെ കുറിച്ചുള്ള മക്കളുടെ തമ്മിലടി. ഒരാൾ മറ്റൊരാളുടെ തലയിലേയ്ക്ക് കെട്ടിവെയ്ക്കാനും മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നതും പതിവ് കാഴ്ചയാണ്. അത്തരത്തിൽ മനസിനെ വേദനിപ്പിക്കുന്ന കാഴ്ച തന്നെയാണ് തിരുവനന്തപുരം ആറ്റിങ്ങലിലും കണ്ടത്.
അമ്മയുടെ സംരക്ഷണത്തെച്ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് എൺപത്തിയഞ്ചുകാരി മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തത്. ഒടുവിൽ സംഭവത്തിൽ പോലീസ് ഇടപെട്ട് മക്കളുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് വയോധിക മോചിതയായത്. ആറ്റിങ്ങൽ കടുവയിൽ സ്വദേശിനിയായ 85കാരിയാണ് മക്കളുടെ തർക്കത്തെത്തുടർന്ന് മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നത്. പത്ത് മക്കളാണ് ഇവർക്കുള്ളത്. ഇതിൽ ഇന്ന് അഞ്ചുപേർ മാത്രമാണ് ജീവനോടെയുള്ളത്. ഇവർ തമ്മിലാണ് തർക്കമുണ്ടായത്.
സംഭവം ഇങ്ങനെ;
വാർദ്ധക്യസംബന്ധമായ അവശതകളെത്തുടർന്ന് കിടപ്പിലായ അമ്മ, നാലാമത്തെ മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഈ മകൾ അമ്മയെ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചു. എന്നാൽ, ആ മകൾ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. നാലാമത്തെ മകൾ അമ്മയെ സ്ട്രക്ചറിൽ കിടത്തി അഞ്ചാമത്തെ മകളുടെ വീടിനു മുന്നിൽ വച്ചു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും വിഷയത്തിലിടപെട്ടു. കൗൺസിലർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മക്കളുമായി സംസാരിച്ചു.
ആരും അനുകരിക്കേണ്ട: ബാബുവിനെതിരെ കേസ് എടുത്തു; ഇനി ചെറാട് മല കയറാനെത്തുന്നവര്‍ കുടുങ്ങും
അമ്മയുടെ മൂത്ത മകൾ വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും അവരെ പരിചരിക്കാൻ ആശുപത്രിയിലേക്കു പോകേണ്ടതിനാലാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചതെന്നുമാണ് നാലാമത്തെ മകൾ പറഞ്ഞിട്ടുള്ളത്. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം മൂന്നു മാസം വീതം ഓരോ മക്കളും മാറിമാറി അമ്മയെ നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനിൽ എഴുതിവച്ചു. അടുത്ത മൂന്നു മാസം അഞ്ചാമത്തെ മകൾ അമ്മയെ സംരക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ഇതേത്തുടർന്ന് അമ്മയെ മകളുടെ വീട്ടിലേക്ക് അയച്ച ശേഷമാണ് പോലീസും ജനപ്രതിനിധികളും മടങ്ങിയത്.